കമ്പളക്കാട് ജുമാ മസ്ജിദിൽ ഉസ്താദിന്റെ പണം മോഷ്ടിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിന് പിന്നാലെ പനമരത്തെ വിദേശ മദ്യശാലയിലും മോഷണശ്രമം നടന്നു. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കല്‍പ്പറ്റ: കമ്പളക്കാട് ജുമാഅ മസ്ജിദില്‍ മോഷണം നടത്തുന്നതിനായി കയറിയ ആളുടെ ചിത്രം സിസിടിവിയില്‍ കുടുങ്ങി. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു മോഷണം. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന് 300 മീറ്റര്‍ മാത്രം ദൂരത്തില്‍ കെഎസ്ഇബി കുന്നിലെ മസ്ജിദിലാണ് കൂളായി എത്തി മോഷണം നടത്തി കള്ളന്‍ മുങ്ങിയത്. സംഭവത്തില്‍ മസ്ജിദിലെ ഉസ്താദിന്‍റെ പണം നഷ്ടപ്പെട്ടതായി പള്ളി അധികാരികള്‍ പറഞ്ഞു. മോഷ്ടാവ് പള്ളിയിലേക്ക് എത്തുന്നത് മുതല്‍ മുതല്‍ മോഷണം നടത്തി മടങ്ങുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്.

Add Asianetnews as a Preferred SourcegooglePreferred

മസ്ജിദിനുള്ളിൽ കറങ്ങി നടക്കുന്ന യുവാവ് ഇവിടെയുള്ള മേശയും മറ്റും പരതുന്നത് കാണാം. മദ്രസയില്‍ ക്ലാസ് എടുക്കാന്‍ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുകയാണ്. ഈ ദൃശ്യങ്ങളില്‍ മോഷ്ടാവ് മുഖംമൂടി ധരിക്കാതെയാണ് എത്തിയതെന്ന് കാണാം. പനമരത്തെ വിദേശ മദ്യശാലയില്‍ ഞായറാഴ്ചയാണ് മോഷണശ്രമം നടന്നത്.

മദ്യശാലയുടെ പുറകുവശത്തെ ജനറേറ്റര്‍ റൂമിന്‍റെ വെന്‍റിലേറ്റര്‍ ഇളക്കിമാറ്റി മോഷ്ടാവ് അകത്തു കയറിയെങ്കിലും മദ്യക്കുപ്പികളോ പണമോ അപഹരിക്കപ്പെട്ടിട്ടില്ല. കെട്ടിടത്തിന് പുറകിലെ ജനാലകള്‍ രണ്ടിടങ്ങളിലായി തകര്‍ക്കുകയും ജനാല ഇളക്കിമാറ്റാനായി ചുമര് കുത്തിത്തുരക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് പുറകിലെ ഷട്ടര്‍ ഇളക്കി മാറ്റിയ അവസ്ഥയിലാണ്. ജനാലയുടെ സമീപത്തായി പൊട്ടിക്കാത്ത ഒരു ട്വിന്‍ ബിയര്‍ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച അവധി ആയതിനാല്‍ ശനിയാഴ്ച രാത്രിയില്‍ മദ്യശാല അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് സ്ഥാപനത്തില്‍ മോഷണം നടന്നത് കണ്ടത്. തുടര്‍ന്ന് പനമരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുന്നവര്‍ പനമരം പൊലീസില്‍ വിവരമറിയിക്കുക. ഫോണ്‍ : 9497980836, 04935 222200.