
കോഴിക്കോട്: ഡോക്ടർ എന്ന് ഉണ്ടാകുമെന്ന് ഫോണിലൂടെ ചോദിച്ച വനിത രോഗിയോട് അപമര്യാദയായി സംസാരിച്ച ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം വാർത്ത ആയതിന് പിന്നാലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് നിരന്തരം തെറിയഭിഷേക ഫോൺ കോളുകൾ എത്തുന്നതായി പരാതി. കോളുകൾ അസഹ്യമായതോടെ ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണൻ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. പരാതിയുടെഅടിസ്ഥാനത്തിൽ അന്വേഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ മുതൽ നൂറ് കണക്കിന് അസഭ്യഫോൺ കോളുകൾ താലൂക്ക് ആശുപത്രിയിലെ ലാൻഡ് ഫോണിലേക്ക് വന്നുവെന്നാണ് സൂപ്രണ്ട് പറയുന്നത്. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെയാണ് രോഗിയോട് അപമര്യാദയായി പെരുമാറിയതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 'ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്ന മറുപടി സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാവുമെന്നന്വേഷിച്ച രോഗിയോടാണ് ' ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്ന് ജീവനക്കാരി മറുപടി നൽകിയത്.
എല്ലാ ദിവസവും ഉണ്ടാകുമോ എന്ന ചോദിച്ചപ്പോൾ 'ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്നായിരുന്നു വീണ്ടും മറുപടി. ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ 2630142 എന്ന ആശുപത്രിയുടെ നമ്പറിലേക്ക് വിളിച്ചുനോക്കൂ എന്ന് പറഞ്ഞ് ജീവനക്കാരി ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഈ സംഭാഷണത്തിന്‍റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അധികൃതർ അടിയന്തര യോഗം വിളിച്ച് ചേർത്ത് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
അഗ്നിപഥ് പ്രതിഷേധം കേരളത്തിലും; 'പദ്ധതി ഉപേക്ഷിക്കുക' മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രതിഷേധ കൂട്ടായ്മ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam