
കൽപ്പറ്റ : വയനാട് പേരിയ വനമേഖലയിൽ വ്യദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. സമീപത്ത് നിന്ന് വിഷക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി തവിഞ്ഞാലിൽ നിന്നും നവംബർ 25 മുതൽ ഇരുവരെയും കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
നെടുങ്കണ്ടത്ത് വീടു പണിക്കിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് വീടു പണിക്കിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. നെടുങ്കണ്ടം തോവാളപടി സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോട് ചേർന്നുള്ള, പുതിയ നിർമ്മാണത്തിനിടെയാണ് അപകടം.
സെപ്റ്റിക് ടാങ്ക് നിർമ്മിയ്ക്കുന്നതിന് കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. കുഴിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെ, മുകൾ ഭാഗത്തു നിന്നും മണ്ണും കല്ലും ഇടിഞ്ഞ്, താഴേയ്ക്കു പതിയ്ക്കുകയായിരുന്നു. കുഴിയിൽ നിൽക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി, ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam