കൊവിഡിനിടെ വയനാട്ടില്‍ കുരങ്ങുപനി വർധിക്കുന്നു; ബത്തേരി താലൂക്ക് ആശുപത്രി പ്രത്യേക ചികിത്സാകേന്ദ്രം

By Web TeamFirst Published Apr 22, 2020, 12:42 PM IST
Highlights

കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനൊപ്പം തന്നെ കുരങ്ങുപനി വ്യാപിക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ നല്‍കുകയാണ് ജില്ലാ ആരോഗ്യവകുപ്പ്. 

കല്‍പ്പറ്റ: ഒരിടവേളക്ക് ശേഷം വയനാട് ജില്ലയിൽ കുരങ്ങുപനി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ പ്രത്യേക കുരങ്ങുപനി ചികിത്സാകേന്ദ്രമാക്കി. ഈ രോഗത്തിന്റെ പ്രത്യേക ഓഫീസറായി ആശുപത്രിയിലെ ഡോ. കര്‍ണനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനൊപ്പം തന്നെ കുരങ്ങുപനി വ്യാപിക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ നല്‍കുകയാണ് ജില്ലാ ആരോഗ്യവകുപ്പ്. 

മുമ്പ് കുരങ്ങുപനി സ്ഥീരികരിച്ചവര്‍ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പരാതി ഒഴിവാക്കാനാണ് പ്രത്യേക ആശുപത്രി നിശ്ചയിച്ചതും നോഡല്‍ ഓഫീസറെ നിയമിച്ചതുമെന്ന് ജില്ല കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിരോധ വാക്‌സിന് വേണ്ടത്ര ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്ന് മരുന്നെത്തിച്ച് ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ തിരുനെല്ലി പഞ്ചായത്തിന് കീഴില്‍ രോഗപ്രതിരോധ ക്യാമ്പുകളും കുത്തിവെപ്പുകളും സജീവമായി നടക്കുന്നുണ്ട്.

ഇതിനിടെയാണ് വാക്‌സിന് ക്ഷാമംവന്നത്. കഴിഞ്ഞ ദിവസം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ രണ്ടുപേരെക്കൂടി കുരങ്ങുപനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുപാലം കോളനി വാസിയായ സ്ത്രീയെ കല്പറ്റ ജനറല്‍ ആശുപത്രിയിലും ഇരുമ്പുപാലം സ്വദേശിയായ പുരുഷനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയ ഇവര്‍ക്ക് കുരങ്ങുപനി ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റിയത്.

എന്നാല്‍, ഇവരുടെ സാംപിള്‍ പരിശോധനാഫലം വന്നാല്‍ മാത്രമേ കുരങ്ങുപനി സ്ഥിരീകരിക്കൂ. ഇന്നലെ 124 പേര്‍ക്കുകൂടി കുരങ്ങുപനിക്കെതിരെയുള്ള കുത്തിവെപ്പ് നല്‍കി. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 6689 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാരങ്ങാക്കുന്ന് സ്വദേശിയായ സ്ത്രീ മരണത്തിന് കീഴടങ്ങിയിരുന്നു. 

click me!