
ഇടുക്കി: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാർ-ഉടുമൽപേട്ട റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. പ്രളയത്തിൽ തകർന്ന പെരിയവര പാലത്തിന് സമാന്തരമായി നിർമിച്ച താത്കാലിക പാലം ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ പുതിയ പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആഴ്ചകള്‍ക്ക് ശേഷം എസ്റ്റേറ്റ് തൊഴിലാളികളെയും വഹിച്ചുള്ള വാഹനങ്ങൾ പെരിയവര പാലം കടന്നത്. ഓഗസ്റ്റ് 16-ലെ പ്രളയത്തിലാണ് മൂന്നാറിൽ നിന്ന് മറയൂറിലേക്കും ഉടുമൽപേട്ടിലേക്കും പോകാനുള്ള ഏക ആശ്രയമായ പെരിയവര പാലം തകർന്നത്.
പഴയ പാലത്തിന് സമാന്തരമായി കന്നിയാറിന് കുറുകെ ഭീമൻ കോണ്‍ക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ചാണ് താല്‍ക്കാലിക പാലം നിര്‍മിച്ചത്. വെള്ളപ്പാച്ചിലിൽ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ പൈപ്പുകള്‍ക്ക് മുകളിൽ മണൽ ചാക്കുകൾ അടുക്കിയിട്ടുണ്ട്. മൂന്നാഴ്ചയായി നാട്ടുകാർ ജീവൻ പണയം വച്ചാണ് പാലം കടന്നിരുന്നത്.
പെരിയവര പാലം മൂന്നാറിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്ന രാജമലയിലേക്ക് മൂന്നാറിൽ നിന്ന് എത്താനുള്ള ഏക മാർഗ്ഗമാണ് പെരിയവര പാലം. പാലം തുറന്നതോടെ രാജമലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് വിലയിരുത്തൽ. കാലവസ്ഥ അനൂകൂലമായാൽ രണ്ടാഴ്ചക്കുള്ളിൽ രാജമലയിൽ നീലക്കുറിഞ്ഞി പൂക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam