സീറ്റ് ചര്‍ച്ചയിൽ ഉടക്കിപ്പിരിഞ്ഞു, ലീഗും കോൺഗ്രസും നേർക്കുനേർ മത്സരിക്കും; മലപ്പുറം പൊൻമുണ്ടത്ത് ഇക്കുറിയും പോരാട്ടം പൊടിപാറും

Published : Nov 01, 2025, 02:36 PM IST
muslim league congress

Synopsis

താനൂര്‍ കൂടി ലക്ഷ്യം വച്ച് ഇത്തവണ പഞ്ചായത്തില്‍ മുന്നണിയായേ പറ്റൂ എന്ന് നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം ആദ്യം തന്നെ താഴേക്ക് എത്തി. നേതൃത്വത്തെ ബോധ്യപെടുത്താൻ പേരിനൊരു ചര്‍ച്ച നടത്തി ഇരുപാര്‍ട്ടികളും പതിവ് പോലെ ഇത്തവണയും അടിച്ചു പിരിഞ്ഞു

മലപ്പുറം: യു ഡി എഫ് നേതൃത്വത്തിന് എന്നും തലവേദനയാണ് മലപ്പുറത്തെ പൊൻമുണ്ടം പഞ്ചായത്ത്. അനുനയിപ്പിച്ചും അച്ചടക്കത്തിന്‍റെ വാള്‍ കാട്ടിയുമൊക്കെ മറ്റ് പല പഞ്ചായത്തുകളിലും മുന്നണി സംവിധാനത്തിലേക്ക് പ്രാദേശിക നേതാക്കളെ കൊണ്ടുവരുന്ന കോൺഗ്രസ്, ലീഗ് നേതൃത്വത്തിന് പൊൻമുണ്ടം പക്ഷേ ബാലികേറാമലയാണ്. മലപ്പുറം പൊൻമുണ്ടം പഞ്ചായത്തില്‍ സമവായമുണ്ടാക്കാനുള്ള യു ഡി എഫ് നേതൃത്വത്തിന്‍റെ നീക്കം ഇത്തവണയും പാളി. കോൺഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കാനാണ് ഏറ്റവും ഒടുവിൽ തീരുമാനമായിരിക്കുന്നത്. സീറ്റു ചര്‍ച്ചയില്‍ ഉടക്കി മുന്നണി സംവിധാനം പൊളിഞ്ഞതോടെ വികസമില്ലായ്മയും അഴിമതിയുമൊക്കെയായി ഇരുപാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങളിലാണ്.

ഒരു വണ്ടിയില്‍ കയറ്റുക അസാധ്യം

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനേയും മുസ്ലീം ലീഗിനേയും ഒരു വണ്ടിയില്‍ കയറ്റുക ഇവിടെ അസാധ്യം. നേതാക്കള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുൻ കാലങ്ങളില്‍ ഐക്യമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിലെ ഈ അനൈക്യം കുത്തക സീറ്റായിരുന്ന താനൂര്‍ നിയോജകമണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ട് തവണയാണ് യു ഡി എഫിനെ താഴെയിട്ടത്. വി അബ്ദു റഹിമാൻ മുസ്ലീം ലീഗിന്‍റെ കോട്ടയായ താനൂരില്‍ നിന്ന് രണ്ട് തവണ വിജയിച്ചെന്ന് മാത്രമല്ല, മന്ത്രിയുമായി. താനൂര്‍ കൂടി ലക്ഷ്യം വച്ച് ഇത്തവണ പഞ്ചായത്തില്‍ മുന്നണിയായേ പറ്റൂ എന്ന് നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം ആദ്യം തന്നെ താഴേക്ക് എത്തി. നേതൃത്വത്തെ ബോധ്യപെടുത്താൻ പേരിനൊരു ചര്‍ച്ച നടത്തി ഇരുപാര്‍ട്ടികളും പതിവ് പോലെ ഇത്തവണയും അടിച്ചു പിരിഞ്ഞു. പഞ്ചായത്ത് തെര‍െഞ്ഞെടുപ്പില്‍ ഇനി ലീഗിന് ലീഗിന്‍റെ വഴി, കോൺഗ്രസിന് കോൺഗ്രസിന്‍റെ വഴി എന്ന നിലയിലായി കാര്യങ്ങൾ.

കുറ്റവിചാരണയും വികസന യാത്രയും

മുന്നണിയില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ മുസ്ലീം ലീഗിന് 12 ഉം കോൺഗ്രസിന് നാലും അംഗങ്ങളാണ് കിട്ടിയത്. സി പി എം അടക്കം മറ്റ് കക്ഷികള്‍ക്കൊന്നും പ്രതിനിധികളുമില്ല. മുന്നണി പൊളിഞ്ഞതോടെ മുസ്ലീം ലീഗ് പഞ്ചായത്ത് ഭരണത്തിനെതിരെ കുറ്റവിചാരണയുമായി കോൺഗ്രസും വികസന യാത്രയുമായി മുസ്ലീം ലീഗും പഞ്ചായത്തില്‍ പരസ്യ പ്രചാരണത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ