
കോട്ടയം: ടിപ്പർ ലോറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കോട്ടയത്ത് മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോട്ടയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി ഷാജൻ, അജിത് എസ്, അനിൽ എംആർ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
വിജിലൻസ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ ഈ ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്നതിന്റെ തെളിവ് കിട്ടിയിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് പോലും ടിപ്പർ ലോറി ഉടമകളാണെന്നതിനും തെളിവ് കിട്ടി. ടിപ്പർ ലോറികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയത്.
വിജിലൻസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. മൂവരെയും സസ്പെൻഡ് ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഉത്തരവിട്ടത്. മൂന്നു പേർക്കെതിരെയും, ഇവർക്ക് വേണ്ടി കൈക്കൂലി വാങ്ങിയിരുന്ന ഇടനിലക്കാരൻ രാജീവിനെതിരെയും വിജിലൻസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam