
കണ്ണൂര്‍: കണ്ണൂർ മുണ്ടയാട് ആറുവരി ദേശീയപാതയിൽ സർക്കാരിന്‍റെ പൗൾട്രി ഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി. നിർമ്മിച്ച അടിപ്പാതയാവട്ടെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ ഗെയ്റ്റ് വെച്ച് പൂട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും അടിപ്പാത വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഒരു സ്ഥാപനത്തിന് മാത്രമായി ഇങ്ങനെയൊരു സൗകര്യമൊരുക്കിയിരിക്കുന്നത്.
റീജിയണൽ പോൾട്രി ഫാമിന് സമാന്തരമായി ചെറുവാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ പാകത്തിനാണ് അടിപ്പാത നിര്‍മിച്ചിരിക്കുന്നത്. എന്നാലും ഇതെന്തിന് പൂട്ടിയെന്നത് ആര്‍ക്കും ഉത്തരമില്ല.അഞ്ഞൂറു മീറ്റർ മാറി മറുപുറം കടക്കാൻ മറ്റൊരു വഴിയുള്ളപ്പോഴാണ് ഇങ്ങനെയൊരു അടിപ്പാത നിര്‍മിച്ചിരിക്കുന്നതെന്നതാണ് വിചിത്രം. ജില്ലയിൽ തന്നെ നിരവധി സ്ഥലങ്ങളിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സമരങ്ങളടക്കം നടക്കുകയാണ്.
ഒകെയുപി സ്കൂളിന് സമീപത്ത് അടിപ്പാതയില്ലാത്തത് കാരണം ഏഴു കിലോമീറ്ററാണ് ബസുകൾക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത്. അവിടെ കടും പിടിത്തം പിടിക്കുമ്പോഴാണ് ഇവിടെയിങ്ങനെയൊരിളവെന്നതിലാണ് രൂക്ഷ വിമര്‍ശനം. ആവശ്യമുള്ള സ്ഥലത്ത് അടിപ്പാത നിര്‍മിക്കാതിരിക്കുകയും ആവശ്യമില്ലാത്ത സ്ഥലത്ത് അടിപ്പാത നിര്‍മിക്കുകയും ചെയ്ത ദേശീയപാത അതോറിറ്റിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അടിപ്പാത പൂട്ടിയിട്ടിരിക്കുന്നതടക്കം വിചിത്രമാണെന്നമാണ് നാട്ടുകാര്‍ പറയുന്നത്.
റോഡ് നിർമാണ സമയത്ത് പോൾട്രി ഫാം ആവശ്യപ്പെട്ടത് പ്രകാരം അടിപ്പാതയുണ്ടാക്കിയതെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. സാമൂഹികവിരുദ്ധരുടെ താവളമാകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നും ന്യായം. പൊതുജനത്തിന് ഉപയോഗിക്കാൻ ഇന്നല്ലെങ്കിൽ നാളെ തുറന്നു നൽകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam