
തൃശൂർ: തൃശ്ശൂർ നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ മോഷ്ടിച്ച യുവാവ് പിടിയിൽ. വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടം പരിസരത്ത് താമസിച്ചു വരുന്ന ആളുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ (ക്യാമറ ഫൈസൽ -35) എന്നയാളാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശമുഖിന്‍റെ നേതൃത്വത്തിലുള്ള എസ്എജിഒസി ടീമും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടി.
10ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്ന് ക്യാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. പുലർച്ചെ സിസിടിവി ക്യാമറ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതായി കാണപ്പെട്ട കടയുടമ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പരിസരം വീക്ഷിക്കാനായി പറഞ്ഞെങ്കിലും സംശയാസ്പദമായ യാതൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് രാവിലെ കടയുടമ കട തുറക്കാൻ വന്ന സമയത്താണ് കടയുടെ ഷട്ടർ പൊളിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘമായ എസ്എജിഒസി ടീമും തൃശൂർ ഈസ്റ്റ് പൊലീസും അന്വേഷണ ചുമതല ഏറ്റെടുക്കുകയും ചെയ്യുകയുമായിരുന്നു.
തുടർന്ന് ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും സമീപ പ്രദേശങ്ങളിലെ 150 ഓളം വരുന്ന വിവിധ ക്യാമറകൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങളും മറ്റും ശേഖരിച്ചുമാണ് പ്രതിയിലേക്ക് എത്തുകയുമായിരുന്നു. മോഷണത്തിന് ശേഷം പിടിക്കപ്പെടാതിരിക്കുന്നതിനും പൊലീസിന്‍റെ ശാസ്ത്രീയമായ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നതിനുമായി പ്രതി മോഷണം നടത്തിയ സമയത്ത് ഷൂ അടക്കമുള്ള വസ്ത്രങ്ങൾ മാറ്റി ഉപയോഗിച്ചിരുന്നു. തൊപ്പി ധരിച്ചും മാസ്ക് കൊണ്ട് മുഖം കവർ ചെയ്തും ഫുൾകൈ ഷർട്ടും മറ്റും ധരിച്ചും ആണ് പ്രതി കൃത്യ മോഷണത്തിനായി എത്തിയത്. കൃത്യത്തിന് ശേഷം പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ഷൂ, ഗ്ലൗസ് എന്നിവ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.
മോഷ്ടിച്ച ക്യാമറകളിൽ പകുതിയോളം വരുന്നത് പ്രതി മറ്റൊരു ബാഗിൽ ആക്കി സമീപത്തെ വീടിന് പുറകിലെ ഒരു മോട്ടോർ ഷെഡ്ഡിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസിർന്‍റെ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കുകയും പ്രതി താമസിക്കുന്ന എറണാകുളത്തെ വിലാസത്തിന്‍റെ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. പൊലീസ് ഉടൻ തന്നെ അവിടേക്ക് പുറപ്പെട്ടുവെങ്കിലും പ്രതി താമസിച്ചിരുന്ന വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീടുള്ള സമഗ്രമായ അന്വേഷണത്തിൽ പ്രതിയെ എറണാകുളത്ത് നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ അതിവിദഗ്ധമായി പിടികൂടുകയുമായിരുന്നു. കഴിഞ്ഞ മാസം കായംകുളത്തെ പ്രമുഖ ക്യാമറ ഷോപ്പിൽ മോഷണം നടത്തിയതും ഫൈസൽ തന്നെയാണ്. മോഷ്ടിച്ച ക്യാമറകൾ പ്രതിയുടെ വീട്ടിൽ നിന്നും മറ്റുമായി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam