കർഷകർ കീടനാശിനി ശ്വസിച്ച് മരിച്ച പഞ്ചായത്തിൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും 3 മാസമായി കൃഷി ഓഫീസർ ഇല്ല

By Web TeamFirst Published Jan 20, 2019, 9:34 AM IST
Highlights

കീടനാശിനിയുടെ അളവ് നിശ്ചയിക്കുന്നതിലും നിര്‍ദ്ദേശിക്കുന്നതിലും സുപ്രധാന പങ്കാണ് കൃഷി ഓഫീസര്‍ക്കുള്ളത്. എന്നാൽ പെരിങ്ങര കൃഷി ഭവനിലുണ്ടായിരുന്ന കൃഷി ഓഫീസര്‍ സ്ഥലം മാറിപ്പോയിട്ട് മൂന്ന് മാസമായിട്ടും പകരം നിയമനമായില്ല. 

പെരിങ്ങര: തിരുവല്ലയിൽ രണ്ട് കര്‍ഷകര്‍ കീടനാശിനി ശ്വസിച്ച് മരിച്ചത് കൃഷി ഓഫീസര്‍ പോലുമില്ലാത്ത പഞ്ചായത്തിൽ. പെരിങ്ങരയിൽ കൃഷി ഓഫീസറുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസമായിട്ടും നടപടിയില്ല. സംസ്ഥാനത്ത് അൻപതും പത്തനംതിട്ട ജില്ലയിൽ മാത്രം ഏഴും ഒഴിവുകളാണുള്ളത്. ഒഴിവുകൾ ഉടൻ നികത്തുമെന്നാണ് കൃഷി മന്ത്രിയുടെ വിശദീകരണം.

അപ്പര്‍കുട്ടനാടിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് ഇന്നലെ കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകത്തൊഴിലാളികൾ മരിച്ചത്. രണ്ടായിരത്തിയഞ്ഞൂറോളം ഏക്കറിലാണ് പെരിങ്ങരയിൽ നെല്‍ക്കൃഷി. കീടനാശിനിയുടെ അളവ് നിശ്ചയിക്കുന്നതിലും നിര്‍ദ്ദേശിക്കുന്നതിലും സുപ്രധാന പങ്കാണ് കൃഷി ഓഫീസര്‍ക്കുള്ളത്. എന്നാൽ പെരിങ്ങര കൃഷി ഭവനിലുണ്ടായിരുന്ന കൃഷി ഓഫീസര്‍ സ്ഥലം മാറിപ്പോയിട്ട് മൂന്ന് മാസമായിട്ടും പകരം നിയമനമായില്ല. നിലവില്‍ കുറ്റൂര്‍ കൃഷി ഓഫീസര്‍ക്കാണ് പെരിങ്ങരയുടെ അധിക ചുമതല 

ഉപയോഗിക്കേണ്ട കീടനാശിനിയുടെ അളവിനെക്കുറിച്ച് ബോധവത്കരണം നടത്തേണ്ട ഒരു കൃഷി ഓഫീസര്‍ക്ക് രണ്ട് പഞ്ചായത്തുകളുടെ ചുമതല നൽകിയത് ജോലിഭാരം ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തല്‍. കൃഷി വകുപ്പിന്‍റെ അറിവില്ലാതെയാണ് കീടനാശികള്‍ കര്‍ഷകര്‍ വാങ്ങുന്നത് തടയാൻ നടപടിയില്ലാത്തപ്പോഴാണ് ഓഫീസറില്ലാതെ പെരിങ്ങരയിൽ കൃഷിഭവൻ പ്രവര്‍ത്തിക്കുന്നത്.

കീടനാശിനി തളിക്കുന്ന കര്‍ഷകര്‍ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ബോധവത്കരണം നടത്തേണ്ടതുണ്ട്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അപ്പര്‍കുട്ടനാട്ടിലെത്തി സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.

click me!