
കോഴിക്കോട്: കുറ്റ്യാടിയിൽ റോഡരികില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെത്തി. ടൗണിലെ സാംസ്‌കാരിക നിലയത്തിനടുത്തുള്ള റോഡരികില്‍ നിന്നാണ് ലഹരി വിരുദ്ധ പ്രവര്‍ത്തകരും പരിസരവാസികളും ഏഴ് കുപ്പി വിദേശമദ്യം കണ്ടെത്തിയത്. പിന്നീട് ഇത് നാദാപുരത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചു. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് മൂന്ന് ദിവസം അവധിയായതിനാല്‍ മാഹിയില്‍ നിന്ന് അനധികൃതമായി എത്തിക്കാന്‍ ശ്രമിച്ച മദ്യം താല്‍ക്കാലികമായി റോഡരികില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
മദ്യം കടത്താന്‍ ശ്രമിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. റോഡരികില്‍ ഒളിപ്പിച്ച് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് തങ്ങള്‍ മദ്യം കണ്ടെത്തിയതെന്ന് ലഹരി വിരുദ്ധ ചെയര്‍മാനും വാര്‍ഡ് മെംബറുമായ ഹാഷിം നമ്പാടന്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ മദ്യം മറിച്ച് വില്‍ക്കാന്‍ മാഹിയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും എത്തിക്കുന്നുണ്ടെന്നും പരിശോധ കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, കരുനാഗപ്പള്ളിയിൽ വീട്ടിലും സ്കൂട്ടറിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച 95 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശി ശ്രീരാജ് (39) ആണ് പിടിയിലായത്. ഡ്രൈ ഡേകൾ ലക്ഷ്യം വച്ച് വൻതോതിൽ മദ്യം ശേഖരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണ് പ്രതി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെ ജി രഘുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഭിലാഷ്.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.