പകല്‍ വീടുകള്‍ കണ്ടുവെക്കും, രാത്രി ട്രെയിനില്‍ എത്തും; വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

Published : Jun 21, 2026, 01:01 PM IST
theft

Synopsis

നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബറിനെ പോലീസ് അതിസാഹസികമായി പിടികൂടി. മോഷണ മുതല്‍ ഉപയോഗിച്ച് ഗോവയിലും നേപ്പാളിലും ആഡംബര ജീവിതം നയിച്ചിരുന്ന ഇയാള്‍, ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കകമാണ് വീണ്ടും മോഷണം നടത്തിയത്.  

മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബറി (56) നെയാണ് നിലമ്പൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം (ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ്) അതിസാഹസികമായി അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാത്രിയിലാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശിനി അക്കരെ പീടിക റുഖിയയുടെ വീടിന്റെ പിന്‍വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്താണ് പ്രതി അകത്തുകയറിയത്. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. 

റുഖിയയുടെ മകന്‍ നാസര്‍ ബിസിനസ്സ് ആവശ്യത്തിനായി മൈസൂരുവിലേക്ക് പോയതിനാല്‍, റുഖിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ രാത്രി 9:45 ഓടെ വീട് പൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. പിറ്റേന്ന് രാവിലെ ആറുമണിയോടെ ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച നിലയിലും സാധനങ്ങള്‍ വലി വാരിയിട്ട നിലയിലും കണ്ടെത്തിയത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെ നേരിട്ടുള്ള നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മോഷണത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മേലാറ്റൂര്‍ ഭാഗത്ത് ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി വലയിലായത്. മുന്‍പ് ജയിലില്‍ കിടന്നപ്പോള്‍ പരിചയപ്പെട്ട മറ്റൊരു മോഷണക്കേസ് പ്രതിയുടെ കൂടെയായിരുന്നു അക്ബര്‍ താമസിച്ചിരുന്നത്. പോലീസിനെ കണ്ടയുടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് കീഴടക്കുകയായിരുന്നു. മോഷണം നടത്തുന്ന മുതലുകള്‍ ഇടനിലക്കാര്‍ വഴി വിറ്റ് ഗോവ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയി ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. കഴിഞ്ഞ തവണ മോഷണപ്പണവുമായി ഇയാള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം നേപ്പാളില്‍ വരെ ഉല്ലാസയാത്ര നടത്തിയിരുന്നതായി പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അക്ബര്‍ കഠിനതടവ് കഴിഞ്ഞ് കഴിഞ്ഞ മെയ് അവസാന വാരമാണ് ജയിലില്‍ നിന്നും മോചിതനായത്. രാത്രികാലങ്ങളില്‍ ട്രെയിന്‍ മാര്‍ഗ്ഗം വിവിധ ടൗണുകളില്‍ ഇറങ്ങി, പകല്‍ സമയങ്ങളില്‍ നിരീക്ഷിച്ചുവെക്കുന്ന ആള്‍താമസമില്ലാത്ത വീടുകള്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ മോഷണം നടത്താറുള്ളത്. അറസ്റ്റിലായ പ്രതിയെ രാമംകുത്തിലെ മോഷണം നടന്ന വീട്ടിലെത്തിച്ച് പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംഭവം 2010 മാര്‍ച്ച് 25 ന് രാത്രി 7.30 ന്, വീട്ടില്‍ കയറി സ്ത്രീക്ക് നേരെ അതിക്രമം, ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഒന്നരപ്പതിറ്റാണ്ടിന് ശേഷം പിടിയില്‍
തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ