മോഷണ രീതിയുടെ സ്വഭാവം പരിശോധിച്ചപ്പോൾ പൊലീസ് ഉറപ്പിച്ചു, പിന്നാലെ 'ബർമുഡ കള്ളൻ' ജോസ് മാത്യു അറസ്റ്റിൽ

Published : Jul 05, 2025, 01:16 PM IST
theft case in kondotty

Synopsis

കൊണ്ടോട്ടി തുറക്കലിലും കോടങ്ങാടുമുണ്ടായ മോഷണ കേസുകളിലാണ് അറസ്റ്റ്

കൊണ്ടോട്ടി: വാതിലിനോട് ചേർന്ന് ജനലുകളുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന പെരുമ്പാവൂർ ഇരിങ്ങാൾ പാറക്കൽ ജോസ് മാത്യു (എരുമാട് ജോസ് - 52) കൊണ്ടോട്ടി പൊലീസിന്‍റെ പിടിയിൽ. കൊണ്ടോട്ടി തുറക്കലിലും കോടങ്ങാടുമുണ്ടായ മോഷണ കേസുകളിലാണ് അറസ്റ്റ്. 

സമാനമായ രീതിയിൽ നടന്ന മോഷണത്തിൽ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 17ന് രാത്രി തുറക്കൽ മംഗലത്ത് നവാസിന്‍റെ വീട്ടിലും 18ന് അർധരാത്രിക്കുശേഷം കോടങ്ങാട് ആലുങ്ങൽതൊടി ഹനീഫയുടെ വീട്ടിലുമാണ് മോഷണമുണ്ടായത്. 

ഇരു വീടുകളിലും മുൻ വശത്തെ വാതിലിനോട് ചേർന്നുള്ള ജനലിന്‍റെ കുറ്റിയിടുന്ന ഭാഗം ഡ്രിൽ ചെയ്ത് തകർത്ത് ഉള്ളിലേക്ക് കൈകടത്തി വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരുന്നത്. കോടങ്ങാട് സ്വദേശി ഹനീഫയുടെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണ്ണാഭരണവും പണവും നഷ്ടമായിരുന്നു.

തുറക്കലിൽ വീട്ടിൽ മോഷണ ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതിനാൽ ഒന്നു നഷ്ടമായിരുന്നില്ല. മോഷണ രീതിയുടെ സ്വഭാവം പരിശോധിച്ച് സംഭവത്തിനു പിന്നിൽ ജോസാണെന്ന് കൊണ്ടോട്ടി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയും ജോസിന്‍റെ മോഷണ രീതി വ്യക്തമാക്കി പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തതിനിടെ കോട്ടക്കലിൽ സമാന രീതിയിൽ നടന്ന കേസിലെ അന്വേഷണത്തിൽ കോട്ടക്കൽ പൊലീസിലെ ആന്‍റി തെഫ്റ്റ് സ്‌ക്വാഡ് കോഴിക്കോട് വെച്ച് കഴിഞ്ഞയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വയനാട് എരുമാട് സ്വദേശിയായ ജോസ് മാത്യു ചെറുപ്പം മുതൽ മോഷണം പതിവാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 30ൽ പരം കേസുകളിൽ പ്രതിയാണ്. 2021ൽ കോവിഡ് സമയത്ത് പെരുമ്പാവൂർ കുറുപ്പുംപടിയിലെത്തി ആധാർ കാർഡുണ്ടാക്കി വാടകക്ക് വീടെടുത്ത് താമസിച്ച് പെരുമ്പാവൂർ കുറുപ്പുംപടി, കോതമംഗലം, കാലടി, സ്റ്റേഷൻ പരിധികളിൽ മോഷണ പരമ്പര നടത്തിയതിന് ഏഴ് കേസുകൾ ഇയാൾക്കെതിരെയുണ്ടായിരുന്നു.

ബർമുഡ ധരിച്ചെത്തി വീടുകളിലെ മുൻവശത്തെ ജനൽ തുരന്ന് ഉള്ളിലേക്ക് കൈകടത്തി വാതിൽ തുറന്ന് നടത്തിയ മോഷണങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതേ തുടർന്നാണ് ജോസ് മാത്യു ബർമുഡ കള്ളൻ എന്ന് അറിയപ്പെട്ട് തുടങ്ങിയത്.

പിന്നീട് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായ ജോസ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിയ്യൂർ സെന്‍റർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കളമശ്ശേരിയിൽ വാടകക്ക് ഫ്ലാറ്റെടുത്ത് താമസിച്ചാണ് മലപ്പുറം ജില്ലയിലേക്കും ഇയാൾ മോഷണം വ്യാപിപ്പിച്ചത്. 

ജൂണിൽ കൊണ്ടോട്ടി, താമരശേരി, കോട്ടക്കൽ, വേങ്ങര സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. കോടങ്ങാട് നിന്ന് കലർന്ന രണ്ടര പവൻ സ്വർണ്ണം താമരശേരിയിലുള്ള ജ്വല്ലറിയിൽ വിറ്റതായും പ്രതി മൊഴി നൽകിയിട്ടുണ്ടെന്ന് കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു. ഇയാളെ ശനിയാഴ്ച താമരശേരിയിലെ ജ്വല്ലറിയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി കളവുമുതൽ വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം:

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി