
കൊല്ലം: ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വേട്ട അഭിജിത്ത് കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിൽ. മോഷണക്കേസിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട ശേഷം കവർച്ചാ പരമ്പരകൾ തുടരവേയാണ് പ്രതി കൊല്ലത്ത് പിടിയിലായത്. യാത്രക്കാരനെന്ന വ്യാജേന ടിക്കറ്റ് എടുത്ത് സഞ്ചരിച്ച് മോഷണം നടത്തുന്നതായിരുന്നു പരവൂർ സ്വദേശിയായ പ്രതിയുടെ പ്രധാന രീതി.
കേരളത്തിലും തമിഴ്നാട്ടിലുമായി ട്രയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് പരവൂർ അഭിജിത്ത്. യാത്രക്കാരുടെ ലാപ്പ് ടോപ്പ് അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവ കവരുന്നതായിരുന്നു വേട്ട അഭിജിത്ത് എന്നറിയപ്പെടുന്ന പ്രതിയുടെ രീതി. തമിഴ്നാട്ടിൽ മോഷണ കുറ്റത്തിന് പിടിയിലായ പ്രതി മെഡിക്കൽ പരിശോധനക്കായി കൊണ്ടു പോകും വഴി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനും പരിസ്സര പ്രദേശങ്ങളും താവളമാക്കി മോഷണ പരമ്പരകൾ നടത്തി. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വിലസിയ പ്രതി ഒടുവിൽ കൊല്ലം ഗവൺമെന്റ് റെയിൽവേ പൊലീസിന്റെ കണ്ണിൽപെട്ടു. ഇന്നലെ രാത്രി ട്രയിനിൽ വെച്ച് പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ അഭിജിത്തിനെ പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് റെയിൽവേ പൊലീസും യാത്രക്കാരും സിഎം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട പൊലീസും ചേർന്ന് കീഴ്പ്പെടുത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ റെയിൽവേ പൊസുകാരായ അരുൺദേവിനും, രാജേഷ് കുമാറിനും പരിക്കേറ്റു. അഭിജിത്തിൻ്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മോഷണമുതലായ 65500 രൂപ, ഒരു ലാപ്പ് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam