ബാംഗ്ലൂരില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ കോഴിക്കോട് സ്വദേശിയായ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും നഗ്‌ന ഫോട്ടോയെടുത്ത് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കോഴിക്കോട്: ബാംഗ്ലൂരില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുറ്റിയില്‍ വീട്ടില്‍ അതുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ബന്ധനസ്ഥനാക്കി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് യുവാവിന്റെ നഗ്‌ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയക്കുകയും എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. എസിപിയുടെ സ്‌പെഷ്യല്‍ ടീം ഇന്‍വെസ്റ്റിഗേഷന്‍ അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റഷീദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, ഗോകുല്‍ പ്രകാശ്, രാഗേഷ്, പ്രേമന്‍ എന്നിവരും ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നിവരും ചേര്‍ന്നാണ് അതുലിനെ പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.


