
ആലപ്പുഴ: തത്തംപള്ളി മഠം റോഡിൽ അഡോറേഷൻ കോൺവെന്റിന് മുന്നിലെ പോസ്റ്റിൽ തീപിടിച്ച് പൊട്ടിവീണ കേബിളുകൾ അഞ്ചു ദിവസമായിട്ടും നീക്കം ചെയ്യാതെ അധികൃതരുടെ അനാസ്ഥ. റോഡിൽ ചിതറിക്കിടക്കുന്ന കേബിളുകളിൽ കുരുങ്ങി കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വീഴുന്നത് പതിവായതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. പലർക്കും വീഴ്ചയിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 19ന് പുലർച്ചെയാണ് പോസ്റ്റിൽ തീപിടിത്തമുണ്ടായതും കേബിളുകൾ പൊട്ടി റോഡിലേക്ക് വീണതും. കോൺവെന്റ്, ദേവാലയം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾ നിത്യേന സഞ്ചരിക്കുന്ന തിരക്കേറിയ പാതയാണിത്. വെളിച്ചക്കുറവുള്ള ഈ ഭാഗത്ത് രാത്രികാലങ്ങളിൽ റോഡിലെ കേബിളുകൾ കാണാനാവാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്.
സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കേബിൾ ഓപ്പറേറ്റർമാരോ സ്ഥലത്തെത്തി കേബിളുകൾ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല. വർഷങ്ങളായി പരാതിപ്പെട്ടിട്ടും തൂങ്ങിയും പൊട്ടിയും അപകടകരമായി കിടക്കുന്ന കേബിളുകൾ മാറ്റാൻ നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.വൻ ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അടിയന്തരമായി ഇടപെട്ട് റോഡിലെ കേബിളുകൾ നീക്കം ചെയ്യണമെന്നും അനാസ്ഥ കാട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam