ചാഞ്ചാടിയില്ല മനസ്സ്; വീണുകിട്ടിയ 10 പവൻ സ്വർണവും പണവും ഉടമക്ക് തിരികെ നൽകി വീട്ടമ്മ
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ആറാട്ടുപുഴയിൽ പോയി മടങ്ങുകയായിരുന്ന നെസിക്ക് പെരുമ്പള്ളി പാലം-രാമഞ്ചേരി എസ്. എൻ. നഗർ റോഡിൽ വിജ്ഞാനകൗമുദി ലൈബ്രറിയുടെ സമീപത്തുവെച്ച് രണ്ടു മാല, വള, അഞ്ചു മോതിരം, അഞ്ചു ജോടി കമ്മൽ ഉൾപ്പെടെയുളള സ്വർണവും പണവും അടങ്ങുന്ന പഴ്സ് കിട്ടിയത്.

ഹരിപ്പാട്: സ്കൂട്ടറിൽ പോകുമ്പോൾ റോഡിൽ നിന്ന് കിട്ടിയ 10 പവൻ സ്വർണവും പണവും ഉടമക്ക് തിരികെ നൽകി വീട്ടമ്മ. കണ്ടല്ലൂർ തെക്ക് പുത്തൻവീട്ടിൽ നെസിയാണ് വീണുകിട്ടിയ പത്തു പവൻ സ്വർണവും 28,000 രൂപയും തിരികെ നൽകിയത്. ആറാട്ടുപുഴ വട്ടച്ചാൽ വെട്ടുപറമ്പിൽ സിമിമോളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ആറാട്ടുപുഴയിൽ പോയി മടങ്ങുകയായിരുന്ന നെസിക്ക് പെരുമ്പള്ളി പാലം-രാമഞ്ചേരി എസ്. എൻ. നഗർ റോഡിൽ വിജ്ഞാനകൗമുദി ലൈബ്രറിയുടെ സമീപത്തുവെച്ച് രണ്ടു മാല, വള, അഞ്ചു മോതിരം, അഞ്ചു ജോടി കമ്മൽ ഉൾപ്പെടെയുളള സ്വർണവും പണവും അടങ്ങുന്ന പഴ്സ് കിട്ടിയത്.
നെസി കുടുംബ സുഹൃത്ത് മാവേലിക്കര സ്റ്റേഷനിലെ എ. എസ്.ഐ. എം.എസ്. എബിയെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെത്തി പഴ്സ് നൽകിയത്. പഴ്സിൽ നിന്ന് ലഭിച്ച ആധാർ കാർഡുൾപ്പെടെയുളള രേഖകളിൽ നിന്നാണ് ഉടമയെ തിരിച്ചറിഞ്ഞത്.
പണയം വെച്ചിരുന്ന സ്വർണം തിരികെ എടുത്തശേഷം മത്സ്യത്തൊഴിലാളിയായ ഭർത്താവ് രവിദാസിനൊപ്പം വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പഴ്സ് കൈയ്യിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്. തുടർന്ന് തിരികെയെത്തി നോക്കിയെങ്കിലും പഴ്സ് അവിടെയുണ്ടായിരുന്നില്ല. വിഷമിച്ചു മറ്റു ഭാഗങ്ങളിലും തിരയുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരം അറിയിക്കുന്നത്.
എസ്.എച്ച്.ഒ വി. ജയകുമാർ, എസ്.ഐ എം. ഷാജഹാൻ, എ.എസ്.ഐമാരായ ജയചന്ദ്രൻ, രജീന്ദ്ര ദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.സി. സതീശൻ, എസ്.ആർ. ഗിരീഷ് എന്നിവരുടെ സാനിധ്യത്തിൽ ഷിമിമോൾക്ക് നെസി പേഴ്സ് കൈമാറി. ചെറിയ തുണിക്കച്ചവടവും തയ്യൽ ജോലിയും ചെയ്തു വരുകയാണ് നെസി. റിട്ട. സൈനികനായ ഷംനാദാണ് ഭർത്താവ്. അവസാന വർഷ എം.ബി.ബി.എസ്. വിദ്യാർഥി ഷെഹീർ, സോനാമോൾ എന്നിവരാണ് മക്കൾ. നെസിയെ കനകക്കുന്ന് ജനമൈത്രി പൊലീസ് അഭിനന്ദിച്ചു.
'ഞാന്‍ ആഗ്രഹിച്ചിരുന്നപോലെ ഒരാള്‍'; മെര്‍ലിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍