
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങിലൂടെ 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണയാണ് (30) പിടിയിലായത്. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺ കുമാറിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
കൊച്ചിയിൽ പ്രവർത്തിക്കുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2022 ഏപ്രിൽ 30ന് പരാതിക്കാരന്‍റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രേഡിങിന്‍റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അക്കൌണ്ട് വഴി പണം വാങ്ങിയത്. എന്നാൽ പണം നഷ്ടപ്പെട്ട വിവരം മനസിലായതോടെ കിരൺ കുമാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽപ്പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളോടൊപ്പം കഴിയുകയായിരുന്നു.
കേരളത്തിൽ എത്തിയ വിവരം ലഭിച്ച പൊലീസ്, എറണാകുളത്ത് നിന്നും ഹിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിത തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam