അലനല്ലൂരിൽ നടുറോഡിലെ കത്തിക്കുത്ത്; പിടിയിലായത് ഒരാൾ മാത്രം, മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Published : Sep 04, 2025, 06:34 AM IST
Youth clash

Synopsis

അലനല്ലൂരിലെ കത്തിക്കുത്തില്‍ പ്രതികളിൽ ഒരാൾ മാത്രമാണ് പിടിയിലായത്. മറ്റ് അഞ്ച് പേർക്കായി പൊലീസ് അന്വേഷണം ഊർജിതം.

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ വാഹനം തട്ടിയതിന് നടുറോഡിൽ കത്തിക്കുത്ത് നടന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പ്രതികളിൽ ഒരാൾ മാത്രമാണ് പിടിയിലായത്. മറ്റ് അഞ്ച് പേർക്കായി അന്വേഷണം ഊർജിതമെന്നാണ് പൊലീസ് പറയുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച അലനല്ലൂർ സെൻ്ററിലായിരുന്നു സംഭവം. കാട്ടുകുളം സ്വദേശി റഷീദ് സഞ്ചരിച്ച കാർ പ്രദേശവാസികളായ ആറംഗ സംഘം സഞ്ചരിച്ച കാറിൽ തട്ടി. ചെറിയ വാക്കുതർക്കത്തിന് ശേഷം ഇരു കൂട്ടരും പിരിഞ്ഞു പോയി. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിച്ചു തീർക്കാനായി റഷീദിന്റെ സഹോദരങ്ങളായ അഷ്റഫ്, യൂസഫ്, ഷിഹാബ് എന്നിവർ സംഭവ സ്ഥലത്തെത്തി. ഇവരെ കണ്ട ആറംഗ സംഘം പ്രകോപിതരായി കത്തികൊണ്ട് കുത്തുകയും ഇരുമ്പ് ദണ്ഡ് അടക്കമുള്ള മാരക ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് എഫ്ഐആർ.

ആക്രമണത്തിൽ യൂസഫിനും ഷിഹാബിനും തലയ്ക്ക് വെട്ടേറ്റു. അഷ്റഫിന് മുഖത്തുമാണ് ഗുരുതര പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്. പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയും പ്രതികൾ കത്തി വീശി. ഇതോടെ കമ്പും വടികളുമായി നാട്ടുകാരും സംഘടിച്ചെത്തി. പ്രതികൾ പ്രദേശത്ത് ലഹരി വിതരണക്കാരാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികത്സ തേടിയ രണ്ടാം പ്രതി ഫിറോസിനെ അടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. മറ്റു പ്രതികളായ നിഹാൽ, സാദിഖ് അലി, സഞ്ജിത്ത്, ഹസീബ്, സമീർ എന്നിവർക്കായി അന്വേഷണം ഊർജിതമെന്ന് നാട്ടുകൽ പൊലീസ് അറിയിച്ചു. റിമാൻഡിലുള്ള ഫിറോസിന്റെ പരാതിയിൽ പരിക്കേറ്റ യൂസഫിനെയും കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തു. ഫിറോസിൻ്റെ മകനെ മർദിക്കുന്നത് തടയുന്നതിനിടെ മരവടികൊണ്ട് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.

 

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍