ഈ രാത്രി കടയിലെ താരം പൊറോട്ടയല്ല; പാലപ്പത്തിന്‍റെ പെരുമയിൽ പാക്കുമോന്‍റെ കട

By Web TeamFirst Published Jan 8, 2022, 5:50 PM IST
Highlights

രാത്രി 12 മണി മുതൽ രാവിലെ ഏഴു മണി വരെയാണ് കടയുടെ പ്രവർത്തനം. പാലപ്പവും മുട്ടക്കറിയും പപ്പടവുമാണ്  ചൂടൻ വിഭവം. വളരെ തുശ്ചമായ പണം നൽകിയാൽ വയറുനിറയെ കഴിച്ചിറങ്ങാം. വിറകടുപ്പിലാണ് പാചകം. .

ചാരുംമൂട്: രാത്രി വൈകി പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ പ്രധാനവിഭവമെന്ന സ്ഥാനം ഏറെക്കാലമായി ഏറ്റെടുത്തിരിക്കുന്നത് പൊറോട്ടയാണ് (Parotta). എന്നാല്‍ ആദ്ദിക്കാട്ടുകുളങ്ങരയിലെത്തുമ്പോള്‍ ഈ സ്ഥാനം പാലപ്പത്തിനാണ് (Palappam). പ്രത്യേകിച്ച് പാക്കുമോന്‍റെ കടയില്‍. പാലപ്പമെന്നാല്‍ (Pancake) പാക്കുമോന്‍റെ കട എന്ന നിലയിലാണ് ഇവിടെ പേരുകേട്ടിരിക്കുന്നത്. നാല്‍പത് വര്‍ഷത്തിലധികമായി പാതിരാത്രി മുതല്‍ നേരം പുലരും വരെ ചൂടുള്ള പാലപ്പമാണ് പാക്കുമോന്‍റെ കടയുടെ പ്രത്യേകത.

പാലമേൽ ആദി കാട്ടുകുളങ്ങര മാമ്പള്ളിയിൽ ഷെയ്‌ക്‌മൈദീനും ഭാര്യ ലൈലയും ചേർന്ന് നടത്തിവരുന്ന സ്ഥാപനമാണ് പാലപ്പത്തിലൂടെ അപൂർവത കൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്. കായംകുളം പുനലൂർ റോഡിൽ ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന ആദ്ദിക്കാട്ടുകുളങ്ങര കിഴക്കാണ് ഷെയ്ഖ്മൈദീന്‍റെ കട.  പ്രത്യേകിച്ച് പേരില്ല. ബോർഡോ പരസ്യങ്ങളോയില്ല. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് പാക്കുമോന്‍റെ കടയെന്നാണ്. പാക്കുമോൻ എന്ന പേര് എങ്ങനെ ലഭിച്ചതെന്ന് ഷെയ്ക് മൈദീനും അറിയില്ല. എങ്കിലും ഈ പേര് നാട്ടുകൾ സ്നേഹത്തോടെ വിളിക്കുന്നത് ഏറെ ഇഷ്ടവുമാണ്.

രാത്രി 12 മണി മുതൽ രാവിലെ ഏഴു മണി വരെയാണ് കടയുടെ പ്രവർത്തനം. പാലപ്പവും മുട്ടക്കറിയും പപ്പടവുമാണ്  ചൂടൻ വിഭവം. വളരെ തുശ്ചമായ പണം നൽകിയാൽ വയറുനിറയെ കഴിച്ചിറങ്ങാം. വിറകടുപ്പിലാണ് പാചകം. .വളരെ ദൂരെ നിന്നു പോലും പാലപ്പത്തിന്‍റെ രുചി തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്. കഴിച്ച ശേഷം പാഴ്സലും വാങ്ങിയാണ് മിക്കവരും  തിരികെ പോകുന്നത്. ഒരിക്കൽ ഇവിടെ എത്തിയവർ വീണ്ടും എത്തും. ഷെയ്ക് മൈദീന്‍റെ ഉമ്മ പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ ചായക്കടയാണ് കാലാന്തരത്തിൽ പാലപ്പത്തിന്‍റെ രുചിപ്പെരുമ കൊണ്ട് ശ്രദ്ധേയമാകുന്നത്.

ഷെയ്ക്ക് മൈദീൻ കട പൂർണമായി ഏറ്റെടുത്തതോടെ ചായക്കും അപ്പത്തിനൊപ്പം പപ്പടവും സ്ഥാനം പിടിച്ചു. വയസ് 68 ആയെങ്കിലും പാക്കുമോൻ ഇപ്പോഴും ഉഷാറാണ്.  ഈ കടയിൽ നിന്നും കിട്ടിയ വരുമാനത്താലാണ് മൂന്ന് മക്കളുടെ ജീവിതം കരക്കടുപ്പിച്ചത്. അവർ വിവിധ വഴികളിൽ പോയെങ്കിലും ഇന്നും കടയിലെ വരുമാനമാണ് ഇവരുടെ ജീവിതമെന്ന് പാക്കുമോൻ പറയുന്നു. കൊവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിൽ ഒരു മാസം മാത്രമാണ് കട അടച്ചിട്ടതെന്ന് പാക്കുമോൻ പറയുന്നു. 

click me!