
കൊട്ടാരക്കര: ശാന്തമായിരുന്ന കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയെ നടുക്കി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപ്രതീക്ഷിത അഗ്നിബാധ. യാത്രക്കാരെ ഇറക്കി ഡിപ്പോയിൽ വിശ്രമിക്കാൻ നിർത്തിയിട്ട ബസ്സിൽ നിന്നാണ് വൻതോതിൽ തീയും പുകയും ഉയർന്നത്. ജനനിബിഡമായ സ്റ്റാൻഡിൽ നടന്ന ഈ സംഭവം നിമിഷങ്ങൾക്കുള്ളിൽ പരിഭ്രാന്തി പരത്തി. പാരിപ്പള്ളിയിലേക്ക് ട്രിപ്പ് പോയി തിരിച്ചെത്തിയ ബസ് സ്റ്റാൻഡിൽ നിർത്തി യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ട്രിപ്പിനായി 'ഓയൂർ' എന്ന ബോർഡും വെച്ച് ജീവനക്കാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നു.
എഞ്ചിനിൽ നിന്ന് ഉയർന്ന കറുത്ത പുക ഡിപ്പോയെ മുഴുവൻ മൂടിയതോടെ യാത്രക്കാർ ചിതറിയോടി. വലിയൊരു പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിയിലായിരുന്നു കണ്ടുനിന്നവർ. ജീവനക്കാർ ഉണർന്നു പ്രവർത്തിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സ്റ്റാൻഡിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് ജീവനക്കാർ തന്നെ ആദ്യം തീ അണയ്ക്കാൻ പൊരുതി. പിന്നാലെ അഗ്നിരക്ഷാസേന കുതിച്ചെത്തിയതോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. എങ്കിലും കൃത്യസമയത്ത് തീ അണയ്ക്കാൻ സാധിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിയമരുന്ന സാഹചര്യം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നുണ്ടെങ്കിലും സാങ്കേതിക വിഭാഗം വിശദമായ പരിശോധന നടത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam