
പത്തനംതിട്ട: മികച്ച സേവന നിലവാരവും ജനസൗഹൃദ നയങ്ങളും മുൻനിർത്തി രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസ്. ഗുണനിലവാര മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പുവരുത്തിയതിന് നാല് പ്രമുഖ അന്താരാഷ്ട്ര ഐഎസ്ഒ സർട്ടിഫിക്കേഷനുകളാണ് ഓഫീസ് സ്വന്തമാക്കിയത്. ഉപഭോക്തൃ സംതൃപ്തി നിരീക്ഷിക്കുന്നതിനും അളക്കുന്നതിനുമുള്ള ISO 10004:2018 അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് ഓഫീസ് എന്ന ചരിത്രനേട്ടവും പത്തനംതിട്ട സ്വന്തമാക്കി.
ലഭിച്ച പ്രധാന ISO സർട്ടിഫിക്കേഷനുകൾ
ISO 10004:2018: ഉപഭോക്തൃ (പൗരന്മാരുടെ) സംതൃപ്തി കൃത്യമായി നിരീക്ഷിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചതിന് (ഇന്ത്യയിൽ ആദ്യം).
ISO 9001:2015: മികച്ച ഗുണനിലവാര മാനേജ്‌മെന്റ് രീതികൾ മുൻനിർത്തി നൽകിയ അംഗീകാരം.
ISO 14001:2015: പരിസ്ഥിതി സംരക്ഷണ സംരംഭങ്ങളും ഹരിത പ്രവർത്തന അന്തരീക്ഷവും ഉറപ്പാക്കിയതിന്.
ISO 45001:2018: ജീവനക്കാരുടെയും സന്ദർശകരുടെയും തൊഴിൽ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങൾക്ക്.
നിയമപാലനം, കുറ്റകൃത്യങ്ങൾ തടയൽ, പൊതുസുരക്ഷ, ഗതാഗത മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി പോലീസിംഗ്, സമയബന്ധിതമായ പരാതി പരിഹാരം, പൗര പിന്തുണ സേവനങ്ങൾ എന്നിവയിൽ കൃത്യമായ പരിശോധനകളും നിരന്തരമായ മെച്ചപ്പെടുത്തലുകളും വരുത്തിയതാണ് പത്തനംതിട്ട പൊലീസിനെ ഈ നേട്ടത്തിന് അർഹരാക്കിയത്.
പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് ബഹു. ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സർട്ടിഫിക്കേഷൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നാല് ഐഎസ്ഒ സർട്ടിഫിക്കറ്റുകളും ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന് കൈമാറുകയും ചെയ്തു. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, അബിൻ വർക്കി കോടിയാട്ട്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ. ജെ. ഹിമേന്ദ്രനാഥ്, പത്തനംതിട്ട മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സിന്ധു അനിൽ, അഡീഷണൽ എസ്.പി ആർ. ജയരാജ്, ഐഎസ്ഒ പ്രതിനിധി എൻ. ശ്രീകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam