
റാന്നി: പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ കെ ഫാത്തിമ (34)ക്കാണ് ഭർത്താവിന്‍റെ വീട്ടിൽ വച്ച് ദേഹോപദ്രവം ഏറ്റത്. റബ്ബർ കമ്പുകൊണ്ട് മുഖത്ത് അടിയേറ്റ് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. ഭാര്യ ഫോണിൽ സംസാരിക്കുന്നതിനടക്കം സംശയിച്ച് അതിക്രൂരമായി പ്രതി യുവതിയെ മർദ്ദിച്ചതായാണ് പരാതി.
ആരെയും ഫോൺ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞു മിക്ക ദിവസവും ഷാൻ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ ഭർത്താവ് ക്രൂരമായ മർദ്ദനമുറകൾക്ക് വിധേയയാക്കിയതായും യുവതി ആരോപിച്ചു. ഈ വർഷം ജനുവരി രണ്ടാം തീയതി ആയിരുന്നു ഇരുവരുടെയും കല്യാണം നടന്നത്. ഷാനിന്റെ രണ്ടാം വിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. നാലാം തീയതി വൈകുന്നേരം ആറ് മണിയോടെയാണ് ഷാൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്.
വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും, യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് പറമ്പിൽ നിന്നും ഒരു റബ്ബർ കമ്പെടുത്ത് യുവതിയുടെ ഇടത് കവിളിൽ അടിച്ചു. അടിയേറ്റ് ഫാത്തിമയുടെ അണപ്പല്ല് ഇളകി വീണു. വീട്ടിലെ ഹാളിൽ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വേദന കാരണം നിലവിളിച്ചപ്പോൾ ഭർത്താവ് കൈ വീശി വീണ്ടും മുഖത്തടിച്ചെന്ന് യുവതി പറഞ്ഞു.
ഭാര്യയെ അടിച്ചു താഴെയിട്ടശേഷം പ്രതി ഇവരെ കാലുകളിൽ പിടിച്ചു തറയിലൂടെ വലിച്ചിഴച്ചു. പിന്നീട് പിടിച്ചെഴുന്നേൽപ്പിക്കുകയും, മുട്ടുകാലുകൊണ്ട് അടിവയറ്റിൽ ഇടിക്കുകയും ചെയ്തു. കാലുകൊണ്ട് ഇടത് തുടയ്ക്ക് പലതവണ ചവിട്ടി. ഷാനിന്‍റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ഒടുവിൽ ഇവരിടപെട്ടാണ് മകനെ പിന്തിരിപ്പിച്ചത്. കൂടുതൽ ഉപദ്രവം ഭയന്ന് യുവതി ഭർതൃപിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ അഭയം തേടി. രാത്രി അവിടെ തങ്ങുകയും, വീട്ടുകാരെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
മർദ്ദനമേറ്റ് യുവതിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും ചതവേറ്റിട്ടുണ്ട്. ഭർത്താവിന്‍റെ ശാരീരിക മാനസിക ഉപദ്രവം കാരണം അതിയായ മാനസിക സംഘർഷത്തിലുമായ യുവതി. പിറ്റേന്ന് രാവിലെ പെരുനാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് ഐ എ ആർ രവീന്ദ്രൻ അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ വൈകുന്നേരത്തോടെ മണിയാറിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്താണ് പിടികൂടിയത്
വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നാലെ പൊലീസ് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അലോഷ്യസ്, എ ആർ രവീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിന്‍റോ, സിവിൽ പൊലീസ് ഓഫീസർമാരായ വിജീഷ്, ബിനു, സി.പി.ഓ ആര്യ എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam