കരയെ ഏതു നിമിഷവും കടൽ കൊണ്ടുപോകാം; പെരുമ്പളളിയിൽ തീരം നിവാസികള്‍ ഭീതിയില്‍

By Web TeamFirst Published Jan 9, 2022, 10:16 AM IST
Highlights

പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മറ്റൊരു പൊഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പ്രദേശത്തിന് പൂർണനാശമുണ്ടാകാത്തത്. 

ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്പളളിയിൽ കടൽ തീരം പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. ജങ്കാർ ജംഗ്ഷന് വടക്കു വശമാണ് ആശങ്കാജനകമായി കരയെ കടൽ കവരുന്നത്. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ഈ ഭാഗം ഏതു നിമിഷവും കടൽ കൊണ്ടുപോകാവുന്ന നിലയിലാണ്. ഒന്നുകൂടി തിര ആഞ്ഞടിച്ചാൽ തീരദേശ പാത ഇവിടെ രണ്ടായി മുറിയും. കൂടാതെ വട്ടക്കായലും കടലും തമ്മിലുളള അകലം 50 മീറ്ററിൽ താഴെയുമാണ്. 

പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മറ്റൊരു പൊഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പ്രദേശത്തിന് പൂർണനാശമുണ്ടാകാത്തത്. ഈ അവസ്ഥയായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാണിക്കാത്തതിൽ നാട്ടുകാർക്കു കടുത്ത പ്രതിഷേധമുണ്ട്. കടലേറ്റമുണ്ടാകുമ്പോഴും മറ്റും അധികൃതരെത്തി തീരം സംരക്ഷിക്കാമെന്നു പറഞ്ഞു മടങ്ങുമെങ്കിലും ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല. 

പൊഴി രൂപപ്പെട്ടാൽ ഊഹിക്കുന്നതിലപ്പുറമുളള വിപത്തായതു മാറും. പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെയുള്ള ഭാഗം ഒറ്റപ്പെട്ട് ദ്വീപാകും. നൂറു കണക്കിന് കുടുംബങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാവുക. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കുമിത് വഴിതെളിക്കും. കായംകുളം കായലിനു കുറുകേയുളള കൊച്ചിയുടെ ജെട്ടി സുനാമി പാലത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. തീരദേശ ഹൈവേ എന്ന പ്രതീക്ഷക്കു പോലും മങ്ങലേൽക്കും. ഇവിടെ തീരസംരക്ഷണത്തിന് അങ്ങിങ്ങായി ഇട്ടിരുന്ന കല്ലുകൾ എല്ലാം മൂടിപ്പോയ നിലയിലാണ്. 

അതിനാൽ ചെറിയ തിരമാലകൾ പോലും തീരത്തേക്കടിച്ചു കയറുകയാണ്. തിര ശമിച്ചാലും റോഡിൽ മണൽ നിറയുന്നതു ഗതാഗത തടസവും സൃഷ്ടിക്കുന്നു. റോഡും തീരവും ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. പൂഴി മണൽ കാരണം ഇരുചക്രവാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നുണ്ട്. വഴിവിളക്കില്ലാത്തതിനാൽ ഇതു വഴിയുള്ള രാത്രിയാത്ര കൂടുതൽ ബുദ്ധിമുട്ടേറിയതുമാണ്.
 

click me!