Silver Line : 'ജനങ്ങൾ ഈ സർക്കാരിൻ്റെ പല്ലു പറിക്കും'; കെ റെയിലിനോട് യോജിക്കാനാവില്ലെന്ന് ചെന്നിത്തല

By Web TeamFirst Published Jan 9, 2022, 9:42 AM IST
Highlights

 ഇത്ര ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഒരു ബദൽ പദ്ധതി മുന്നോട്ടു വച്ചിരുന്നു. ഈ സർക്കാർ ആ പദ്ധതി ഏറ്റെടുക്കണം

ഹരിപ്പാട്: പാവപ്പെട്ടവൻ്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കി കൊണ്ടുവരുന്ന കെ റെയിലിനോട് (K Rail) ആർക്കും യോജിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). ഇത്ര ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഒരു ബദൽ പദ്ധതി മുന്നോട്ടു വച്ചിരുന്നു. ഈ സർക്കാർ ആ പദ്ധതി ഏറ്റെടുക്കണം. ഇതിനെ കുറിച്ച് ചർച്ച ചെയ്യുവാൻ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ മുഖ്യമന്ത്രി തയ്യാറാകണം.

ജനങ്ങളുടെ ആശങ്കങ്ങള മനസ്സിലാക്കി അതിൻ്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി വേണ്ടെന്നു വയ്ക്കണം. അല്ലെങ്കിൽ ജനങ്ങൾ ഈ സർക്കാരിൻ്റെ പല്ലു പറിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷം കടുത്ത നിലപാട് എടുക്കുമ്പോഴും സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവർത്തിക്കുകയാണ്. നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണ്. എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമയലാഭത്തിന് പുറമെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടുവെന്നും എന്നാല്‍ വികസനം കൊണ്ട് സര്‍ക്കാര് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന മലയാള അസോസിയേഷന്‍റെ ചടങ്ങില്‍ സംസാരിക്കുകയാണ് മുഖ്യമന്ത്രി. മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തില്‍ ചര്‍ച്ചയായി. ചന്ദ്രശേഖര്‍ റാവുവിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിന് എത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നാണ് പറഞ്ഞതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായി.

കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം ചന്ദ്രശേഖര്‍ റാവു തന്നെ യോഗത്തില്‍ മുന്നോട്ട് വച്ചു. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി , മണിക് സര്‍ക്കാര്‍, എസ്ആര്‍പിയും സഖ്യസാധ്യതയെ അനുകൂലിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു. നേരത്തെ ഫെഡറല്‍ മുന്നണി നീക്കവുമായി മുന്നിട്ടിറങ്ങിയ നേതാവാണ് കെ ചന്ദ്രശേഖര്‍ റാവു. പിണറായിക്ക് പുറമേ എം കെ സ്റ്റാലിന്‍ കുമരസ്വാമി മമതാ ബാനര്‍ജി തുടങ്ങിയവരുമായി നേരത്തെ കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു.

click me!