18 കുല തേങ്ങയുമായി മുഖ്യമന്ത്രിയുടെ മനം നിറച്ച് സെക്രട്ടറിയേറ്റ് വളപ്പിലെ തെങ്ങ്

By Web TeamFirst Published Jun 11, 2021, 7:46 PM IST
Highlights

മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥരാണ് അഞ്ച് വർഷം മുന്പത്തെ  തെങ്ങിൻ തൈയുടെ കാര്യം ഓർമ്മിപ്പിച്ചത്. എങ്കിൽ അതൊന്നു നോക്കിക്കളയാം എന്ന് മുഖ്യമന്ത്രിയും. ഭരണത്തിലേറ്റിയ ജനങ്ങളെ പോലെ നട്ട തെങ്ങും മുഖ്യനെ ചതിച്ചില്ല.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ മനം നിറച്ചത് ഒരു തെങ്ങാണ്. അഞ്ച് വർഷം മുന്പ് സെക്രട്ടെറിയേറ്റ് വളപ്പിൽ മുഖ്യമന്ത്രി നട്ട തൈയ്യാണ് ഇപ്പോൾ 18 കുല തേങ്ങയുമായി കായ്ച്ച് നിൽക്കുന്നത്.

രംഗം ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം. വേദി നമ്മുടെ സെക്രട്ടേറിയറ്റ് വളപ്പും. തക്കാളി തൈ നട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങാൻ നിന്ന് മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥരാണ് അഞ്ച് വർഷം മുന്പത്തെ  തെങ്ങിൻ തൈയുടെ കാര്യം ഓർമ്മിപ്പിച്ചത്. എങ്കിൽ അതൊന്നു നോക്കിക്കളയാം എന്ന് മുഖ്യമന്ത്രിയും. ഭരണത്തിലേറ്റിയ ജനങ്ങളെ പോലെ നട്ട തെങ്ങും മുഖ്യനെ ചതിച്ചില്ല. 

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണിമാഷ് കവിത പോലെ 18 കുല തേങ്ങയുമായി പടർന്നു പന്തലിച്ചു നിൽപ്പുണ്ട്. പരിപാലിച്ച ജീവനക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി മടങ്ങി. 2016 സെപ്റ്റംബർ എട്ടിനാണ് അന്നത്തെ കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമൊപ്പമെത്തി തെങ്ങിൻ തൈ നട്ടത്. 

കേരശ്രീ ഇനത്തിൽ പെട്ട തെങ്ങ് ഉയരം കുറവെങ്കിലും വേഗത്തിൽ കായഫലം ഉണ്ടാവുന്നതാണ്. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ്  വളപ്പിലെ കൃഷിയും മരങ്ങളുമെല്ലാം പരിപാലിക്കുന്നത്.

click me!