Latest Videos

കെഎസ്ആർടിസി ബസിൽ മോഷണം, രണ്ട് സ്ത്രീകൾ പിടിയിൽ, പതിവ് മോഷ്ടാക്കളെന്ന് പൊലീസ്

By Web TeamFirst Published Aug 31, 2022, 11:04 AM IST
Highlights

ബഹളം വച്ചതോടെ മോഷ്ടാക്കൾ ബസിൽ നിന്നിറങ്ങാൻ ശ്രമിച്ചു. യാത്രക്കാർ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു.

കൊല്ലം: കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആടിസി ബസിൽ മോഷണം. തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികൾ അറസ്റ്റിൽ. രാമേശ്വരം സ്വദേശികളായ മുത്തുമാരിയും മഹേശ്വരിയുമാണ് പൊലീസ് പിടിയിലായത്. യാത്രക്കാരിയായ യുവതിയുടെ പേഴ്സാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്.

ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാക്കൾ ബസിൽ നിന്നിറങ്ങാൻ ശ്രമിച്ചു. യാത്രക്കാർ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയയിലാണ് പേഴ്സ് പ്രതികളുടെ കൈവശമുള്ളതായി കണ്ടെത്തിയത്. ഇരുവരും ബസുകളിൽ സ്ഥിരമായി മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അതേസമയം പാലക്കാട് ജില്ലയിൽ ബസുകൾ കേന്ദ്രീകരിച്ച് മാല മോഷ്ടാക്കൾ വിലസുകയാണ്. ഇവരെ പേടിച്ച് യാത്ര ചെയ്യാൻ പോലും പറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇന്നും രണ്ട് മോഷ്ടാക്കളെ പിടികൂടിയിട്ടുണ്ട്. ബസുകളിൽ യാത്ര ചെയ്ത് മാല മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളാണ് അറസ്റ്റിലായത്. പാലക്കാട് കണ്ണന്നൂരിൽ ബസ് യാത്രക്കാരിയുടെ രണ്ടേമുക്കാൽ പവൻ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ദിണ്ടിഗൽ സ്വദേശികളായ സന്ധ്യ, കാവ്യ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ബസിൽ യാത്ര ചെയ്ത് മോഷണം പതിവാക്കിയ ഇവർക്കെതിരെ കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലായി പത്തോളം കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പലയിടത്തും വ്യത്യസ്ത മേൽവിലാസമാണ് ഇവർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ മേൽവിലാസം ശരിയാണോ എന്ന് പരിശോധിച്ചു വരികയാണ്. അടുത്തിടെ ഇവർ ബസിൽ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

Read More : കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിൽ വീണ്ടും വെള്ളം കയറി: വഞ്ചിപ്പാട്ടുമായി ജീവനക്കാര്‍

click me!