
ചാരുമൂട്: തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അഞ്ച് കൊടുംകുറ്റവാളികളെ നൂറനാട് പൊലീസ് അതിസാഹസികമായി പിടികൂടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന 'ഓപ്പറേഷൻ ഗ്രിപ്പിന്റെ' ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് താമരക്കുളത്തുനിന്നാണ് സംഘം പിടിയിലായത്.
തിരുവനന്തപുരം മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പിടിയിലായ ഓരോരുത്തരുടെയും പേരിൽ ഇരുപതോളം കേസുകളുണ്ട്. നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ (28), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവനിൽ ഫെബിൻ, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരാണ് പിടിയിലായത്.
ഇതിൽ മിഥുനും അമലും കാപ്പാ പ്രതികളാണ്. കാപ്പാ തടങ്കലിൽ കഴിഞ്ഞിരുന്ന ഇരുവരും താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവു താമസത്തിന് എത്തിയതായിരുന്നു. കഴിഞ്ഞ ഓണത്തിനിടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശരത്തിനെ ആക്രമിച്ചവരെ തിരിച്ചാക്രമിക്കാൻ വേണ്ടിയാണോ ഇവർ ഇവിടെ താവളമൊരുക്കിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
നൂറനാട് സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഹക്കീം, സുരേഷ്, എഎസ്ഐ രാധാകൃഷ്ണൻ ആചാരി, എസ്‍സിപിഒ സിജു, സിപിഒമാരായ ബിനു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam