
മലപ്പുറം: മലപ്പുറത്ത് യുവതിയും കൂട്ടുകാരും 13 ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായതിൽ സമഗ്ര അന്വേഷണത്തിന് പൊലീസും എക്സൈസും. മലപ്പുറം നിലമ്പൂര്‍ വടപുറത്ത് നിന്നാണ് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായത്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 265.14 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് തിരച്ചില്‍ നടത്താന്‍ എക്സൈസ് തീരുമാനിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ പിടികൂടിയതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പലയിടങ്ങളിലും എംഡിഎംഎ കടത്തുകേസിൽ സ്ത്രീകൾ പിടിയിലാകുന്നത് വർധിച്ചിട്ടുണ്ട്. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കാനും സംശയം തോന്നാതിരിക്കാനും മയക്കുമരുന്ന് കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നു. ഇവർ ഇടനിലക്കാരാണെന്നാണ് സൂചന. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഇടവും ഇവർ ആർക്കാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം കൊച്ചിയിലും എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായിരുന്നു. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam