
തൃശൂര്‍: കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ രാത്രി റോഡരികില്‍ ഇരുന്നിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ അകാരണമായി മര്‍ദിച്ച കുന്നംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖിനെ സ്ഥലം മാറ്റി. തൃശൂര്‍ ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍നിന്നും സ്ഥലമാറ്റ ഉത്തരവ് ലഭിച്ച വൈശാഖ് വ്യാഴാഴ്ച ഉച്ചയോടെ ഒല്ലൂര്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്തു. തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം വൈകിട്ട് സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയി. മനുഷ്യത്വരഹിതമായ സമീപനമാണ് വൈശാഖ് സിപിഎം പ്രവര്‍ത്തകരോട് കാണിച്ചതെന്ന് സിപിഎം കുന്നംകുളം ഏരിയാ നേതൃത്വം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. വൈശാഖിനെതിരേ നടപടിയുണ്ടാകുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പ് തുടക്കം മുതലേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയിട്ടുണ്ടായിരുന്നു.
നവംബര്‍ രണ്ടിന് പള്ളി പെരുന്നാളിനിടെ കുറുക്കന്‍പാറയില്‍ സിപിഎം. പ്രവര്‍ത്തകരെ എസ്ഐയും സംഘവും ചേര്‍ന്ന് അകാരണമായി മര്‍ദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വൈശാഖിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്. വൈശാഖിനെതിരേ നടപടിയുണ്ടായില്ലങ്കില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കുറക്കന്‍പാറയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുമെന്നുള്ള മുന്നറിയിപ്പ് ഏരിയാ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam