കോഴിക്കോട് നഗരത്തിൽ സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു സ്വകാര്യ ബസ് മറ്റ് രണ്ട് ബസുകളിൽ മനഃപൂർവം ഇടിപ്പിച്ചു. മാനാഞ്ചിറയിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും, ബസ് വിൽപ്പന തർക്കവും കാരണമായി പറയപ്പെടുന്നു.
കോഴിക്കോട്: മത്സരയോട്ടം സാധാരണമായതിന് പിന്നാലെ പക തീര്‍ക്കാന്‍ ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുന്നതും കോഴിക്കോട് ജില്ലയില്‍ പതിവാകുന്നു. നഗരത്തില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് വീണ്ടും ജനങ്ങളുടെ ജീവന്‍ പന്താടുന്ന തരത്തില്‍ ഭീകരമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്. സമയക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസ് മറ്റ് രണ്ടു ബസുകളില്‍ ഇടിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം, ചന്ദ്രാസ് ബസുകളിലാണ് ഗ്രീന്‍സ് ബസ് ഇടിപ്പിച്ചത്. രാവിലെ 10.30ഓടെ കോഴിക്കോട് മാനാഞ്ചിറയിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം ബസിന്റെ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ജീവനക്കാരുടെയും ഉടമയുടെയും വാദം. സംഭവസമയത്ത് ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

