
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. വധശ്രമത്തിന് കന്റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. ബാറിനുള്ളിലെ തല്ലിൽ കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ തമ്പാനൂർ പൊലീസും മറ്റൊരു കേസെടുത്തിട്ടുണ്ട്. കേസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്. ഇന്നലെ അർധ രാത്രിയായിരുന്നു തിരുവനന്തപുരത്ത് ആശുപത്രികളിലടക്കം 4 പൊലീസ് സ്റ്റേഷൻ പരിധികളിലായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല് നടന്നത്. സംഘം ചേര്‍ന്നുള്ള ആക്രമണത്തിൽ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റു. തല്ല് കിട്ടിയ ഒരു വിഭാഗം പ്രവർത്തകർ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജ് സ്റ്റേഷനിലും മറുവിഭാഗം കന്‍റോൺമെന്‍റ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഈ പരാതികളുടെ തുടർച്ചയായാണ് ഇപ്പോൾ പൊലീസ് വധശ്രമത്തിനടക്കം കേസെടുത്തത്.
തലസ്ഥാനത്തെ നടുക്കി ഡി വൈ എഫ് ഐ തല്ലുമാല
ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ തല്ലുമാല തലസ്ഥാനത്ത് അരങ്ങേറിയത്. തമ്പാനൂരിലെ ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിലാണ് തുടക്കം. വാക്ക് തര്‍ക്കം കയ്യേറ്റമായി. പരിക്കേറ്റവരെ ജനറൽ ആശപത്രിയിലേക്ക് കൊണ്ടുപോകും വഴി വഞ്ചിയൂരിലും കൂട്ടത്തല്ല് നടന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംഘങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ജനറൽ ആശുപത്രിയിലെ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കന്‍റോൺമെന്‍റ് പൊലീസ് എത്തിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്. ഇതിൽ പരിക്കേറ്റവര്‍ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ആശുപത്രിക്കകത്ത് വച്ച് അവിടെയും സംഘര്‍ഷം നടന്നു. ഡി വൈ എഫ് ഐ തമ്പാനൂര്‍ മേഖലാ ട്രഷറര്‍ ശിവശങ്കര്‍, പ്രവര്‍ത്തകൻ വിഘ്നേഷ്, പേട്ട മേഖലാ കമ്മിറ്റി അംഗം ഗണേഷ് ധര്‍മ്മ, നാലുമുക്ക് യൂണിറ്റ് പ്രസിഡന്‍റ് വിഷ്ണു വിനോദ്, പള്ളിമുക്ക് യൂണിറ്റ് പ്രസിഡന്‍റ് ആൽഫിൻ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാറിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്.