
തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന ക്രിമിനൽക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പരാതി നൽകിയ യുവാവിന്‍റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ട പൊലീസ് പിന്തുടർന്നു. ഇത് മനസിലാക്കിയതോടെ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷിച്ചപ്പോൾ, പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം രവീന്ദ്രൻനായരുടേതാണെന്ന് വ്യക്തമായി. തുടർന്ന് പ്രതിക്കെതിരെ മോഷണക്കേസും പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam