
പാലക്കാട്: വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്, അജ്ഞാതർ ആക്രമിച്ചപ്പോൾ പറ്റിയതാണെന്ന് വ്യാജ പരാതി നൽകിയ സിപിഎം അംഗത്തിന്റെ കള്ളം പൊളിഞ്ഞു. അയൽവാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്, പള്ളത്ത് അബ്ദുൽ അമീർ തനിയെ വീണതാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമായ പളളത്ത് അബ്ദുൽ അമീർ വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആദ്യം വീണ് പരിക്കേറ്റതാണെന്ന് അറിയിച്ച അമീർ പിന്നീട് തിരുത്തി. മൂന്ന് പേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് പൊലീസിന് മൊഴി നൽകിയത്. രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞു. അമീറിൻ്റെ കോടതിയപ്പടിയിലെ വീട്ടിലെത്തി പൊലീസ് പരിശോധിച്ചു. അപ്പോഴാണ്, അയലത്തെ വീട്ടിലെ സിസിടിവി പൊലീസിന്‍റെ ശ്രദ്ധിച്ചത്. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചതോടെ അമീറിന്‍റെ കള്ളം പൊളിഞ്ഞു.
രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീഴുന്നതായാണ് ദൃശ്യത്തിലുള്ളത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ, പൊലീസ് കേസ് അവസാനിപ്പിച്ചു. പി കെ ശശി വിഭാഗത്തിന് ഒപ്പം ചേർന്ന് നിൽക്കുന്ന അമീർ, മറുവിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam