
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. കമ്മാളൻകുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. താമരശ്ശേരി പൊലീസും എക്സൈസ് റേഞ്ച് സംഘവുമാണ് സംയുക്തമായി റെയ്ഡ് നടത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നാണ് വിദേശമദ്യവും വെടിയുണ്ടകളും പിടികൂടിയത്. വീട് കേന്ദ്രീകരിച്ചു സംശയകരമായ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം അടച്ചിട്ട വീട് കുത്തിത്തുറന്ന് പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത വിദേശമദ്യം എക്സൈസും വെടിയുണ്ടകൾ പൊലീസും കസ്റ്റഡിയിലെടുത്തു. വെടിയുണ്ടകൾ വലിയ തോക്കിൽ ഉപയോഗിക്കുന്നവയാണ്. വീടിനകത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടില്ല.
വീട്ടുടമ ആണ് താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. വെടിയുണ്ടകളും വിദേശമദ്യവും എന്തിന്, എവിടെ നിന്ന് വാങ്ങി എന്ന കാര്യത്തിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. വീട്ടുടമയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam