നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേന്ദ്രങ്ങളിലെ ഉപഭോക്താക്കൾക്കും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം ക്രിമിനൽ ബാധ്യതയുണ്ടാകുമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ സിംഗിൾ ബെഞ്ചുകളിൽനിന്ന് വ്യത്യസ്ത വിധികൾ ഉണ്ടായതോടെയാണ് ഡിവിഷൻ ബെഞ്ച് അന്തിമ വ്യക്തത നൽകിയത്.

അനാശാസ്യ കേന്ദ്രം നടത്തുന്നതോ അതിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ മാത്രമാണോ കുറ്റകരമാകുന്നത്, അതോ അവിടെയെത്തുന്ന ഉപഭോക്താവും നിയമ നടപടി നേരിടേണ്ടതുണ്ടോ എന്നതായിരുന്നു കോടതിയുടെ പരിഗണനയിലെ പ്രധാന ചോദ്യം. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം വ്യക്തികളെ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്ന് കോടതി വിലയിരുത്തി.

ഉപഭോക്താക്കളുടെ സാന്നിധ്യവും ആവശ്യകതയുമാണ് ഈ നിയമവിരുദ്ധ സംവിധാനത്തിന്റെ നിലനിൽപ്പിന് വഴിയൊരുക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. നടത്തിപ്പുകാർ സൗകര്യമൊരുക്കുകയും അതിലൂടെ വരുമാനം നേടുകയും ചെയ്യുമ്പോൾ, സേവനം തേടിയെത്തുന്നവർ ആ സംവിധാനത്തിന് ആവശ്യകത സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഉപഭോക്താവിന് ഇതിൽ പങ്കില്ലെന്ന് കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

ചൂഷണം അവസാനിപ്പിക്കുകയെന്ന നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം പരിഗണിക്കുമ്പോൾ ഉപഭോക്താക്കളെ ക്രിമിനൽ നടപടികളിൽനിന്ന് മാറ്റിനിർത്തുന്നത് ശരിയായ സമീപനമല്ലെന്നും കോടതി വ്യക്തമാക്കി. അങ്ങനെ ചെയ്യുന്നത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ബാധിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവ് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയിരുന്ന സിംഗിൾ ബെഞ്ച് ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഉപഭോക്താവിനും നിയമപരമായ ബാധ്യതയുണ്ടെന്ന നിലപാട് സ്വീകരിച്ച മുൻ ഉത്തരവുകൾ ശരിവെക്കുകയും ചെയ്തു.