കെഎസ്ആർടിസി എറണാകുളം ഡിപ്പോയ്ക്ക് റെക്കോർഡ് കളക്ഷൻ. ഓഗസ്റ്റ് 31ന് 29,88,679 രൂപ വരുമാനം. ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയതോടെ ആണ് റെക്കോർഡ് കളക്ഷൻ നേടാൻ ഡിപ്പോയ്ക്ക് കഴിഞ്ഞത്.

കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ. ടിക്കറ്റിനത്തിൽ 29,88,679 രൂപയാണ് ഡിപ്പോയ്ക്ക് ലഭിച്ചത്. 25.10 ലക്ഷം രൂപയായിരുന്നു നിശ്ചയിച്ചിരുന്ന ലക്ഷ്യം.

തിങ്കളാഴ്ച മാത്രം എറണാകുളം ഡിപ്പോയിൽനിന്ന് 95 സർവീസുകളാണ് നടത്തിയത്. ഓണാവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷവും തിങ്കളാഴ്ചയുമായി ബെംഗളൂരുവിലേക്ക് 10 അധിക സർവീസുകൾ നടത്തി. ചെന്നൈയിലേക്കും ഒരു അധിക ബസ് സർവീസ് ഏർപ്പെടുത്തി.

തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് നാല് അധിക ലോഫ്ലോർ എസി സർവീസുകളും നടത്തി. ഇതിനു പുറമേ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് വിഭാഗങ്ങളിലായി വിവിധ സ്ഥലങ്ങളിലേക്കും അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നടത്തിയ അധിക സർവീസുകളാണ് റെക്കോർഡ് വരുമാനം നേടാൻ സഹായിച്ചത്.