
ആലപ്പുഴ: വീടിൻ്റെ ചുമരിൽ മരണക്കുറിപ്പ് എഴുതി കടലിലേക്ക് ഇറങ്ങിയ യുവാവിനെ സമയോചിതവും സ്നേഹപൂർവ്വവുമായ ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തി ആലപ്പുഴ ജില്ലാ പോലീസ് മാതൃക. കഴിഞ്ഞ ദിവസം സെപ്റ്റംബർ 23 രാത്രി 11.30 ഓടെ ആരംഭിച്ച രക്ഷാപ്രവർത്തനമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയിലൂടെ വിജയത്തിലെത്തിയത്. എ.എസ്.ഐ. നസീർ, എ.എസ്.ഐ. ശ്രീവിദ്യ, ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാൽ എന്നിവരാണ് ജീവന്റെ വിലയറിഞ്ഞ് സമയോജിത ഇടപെടൽ നടത്തിയത്. സംഭവം വാര്‍ത്തയായി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം പൊലീസുകാര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യാൻ ഇറങ്ങുകയാണെന്നും മറ്റാരും തൻ്റെ മരണത്തിന് ഉത്തരവാദികളല്ലെന്നും അറിയിച്ചുകൊണ്ട് യുവാവ് ആലപ്പുഴ കൺട്രോൾ റൂമിലേക്ക് വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരങ്ങൾ പൂർണ്ണമാക്കുന്നതിന് മുൻപ് തന്നെ കോൾ നിലച്ചു. ഇതോടെ കൺട്രോൾ റൂം ഉടൻ തന്നെ വിവരങ്ങൾ രാത്രി പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. നസീർ, എ.എസ്.ഐ. ശ്രീവിദ്യ, ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാൽ എന്നിവർ ഉടൻ തന്നെ എസ്.എച്ച്.ഒയെ വിവരം അറിയിച്ചു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നിമിഷങ്ങൾക്കകം യുവാവിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്ന് കണ്ടെത്തി.
ഫോൺ വിളി യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ജീപ്പിൽ ബീച്ചിലേക്ക് കുതിച്ചു. എന്നാൽ, കനത്ത ഇരുട്ടും മഴയും കാരണം യുവാവ് കടൽത്തീരത്തെ ഏത് ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടി. മൊബൈൽ ലൊക്കേഷൻ കാണപ്പെട്ടത് യുവാവ് കടലിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. ശക്തമായ തിര ഉണ്ടായിരുന്നതിനാലും, പെട്ടെന്ന് അടുത്തേക്ക് എത്തിയാൽ യുവാവ് വീണ്ടും കടലിലേക്ക് ഇറങ്ങിയേക്കുമോ എന്ന ആശങ്കയിലുമായിരുന്നു ഉദ്യോഗസ്ഥർ.
"സഹോദരനെ പോലെ കരുതി തിരിച്ചു കയറണം, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും" എന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ വാക്കുകളിലൂടെയാണ് യുവാവിൻ്റെ മനസ്സ് മാറിയത്. യുവാവ് വഴങ്ങിയെന്ന് ഉറപ്പായതോടെ, എ.എസ്.ഐ. നസീറും സിവിൽ പോലീസ് ഓഫീസർ ശ്യാംലാലും ചേർന്ന് കടലിലേക്ക് ഇറങ്ങുകയും വെള്ളത്തിൽ നിന്ന യുവാവിനെ പിടിച്ചു കരയിലേക്ക് കയറ്റുകയുമായിരുന്നു.
തുടർന്ന്, സ്റ്റേഷനിൽ എത്തിച്ച യുവാവിൻ്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ്, ആവശ്യമായ പിന്തുണ നൽകുകയും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് ബന്ധുക്കളെ ഏൽപ്പിച്ചത്. സമയോചിതവും സ്നേഹപൂർവ്വവുമായ ഈ ഇടപെടലിലൂടെ കടലിൽ പൊലിയേണ്ടിയിരുന്ന ഒരു മനുഷ്യജീവനെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്താൻ പോലീസുകാര്‍ക്കായി.