കാറിന് കടന്നുപോകാൻ സ്ഥലം നൽകിയില്ലെന്ന് ആരോപിച്ച് തർക്കം; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി

Published : Oct 05, 2026, 12:26 AM IST
Idukki Ksrtc Driver Attack

Synopsis

ഇടുക്കി തൂക്കുപാലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചു. കാറിന് കടന്നുപോകാൻ സ്ഥലം നൽകിയില്ലെന്ന് ആരോപിച്ചാണ് മർദനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഇടുക്കി: തൂക്കുപാലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. ബസ് നിർത്തിയപ്പോൾ കാറിന് കടന്നുപോകാൻ സ്ഥലം ലഭിച്ചില്ലെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കോട്ടയം - നെടുംകണ്ടം റൂട്ടിൽ ഓടുന്ന ബസിന്റെ ഡ്രൈവർക്കാണ് മർദനമേറ്റത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കോട്ടയത്ത്‌ നിന്ന് നെടുംകണ്ടത്തേയ്ക്ക് വരികയായിരുന്ന ബസ്, ബാലഗ്രാമിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം പിറകെയെത്തിയ കാറിന് ബസിനെ മറികടന്ന് പോകാൻ സ്ഥലമില്ലെന്ന് ആരോപിച്ച്, കാർ ഡ്രൈവർ അസഭ്യം വിളിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

പിന്നീട് ബസ് തൂക്കുപാലത്ത് ആളെ ഇറക്കാനായി നിർത്തിയപ്പോൾ കാർ ഡ്രൈവർ, ബസ് ഡ്രൈവറായ റെജിമോനെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് വലിച്ചിടാൻ ശ്രമിച്ചു. ഇതോടെ സ്റ്റാർട്ടിങ്ങിൽ കിടന്നിരുന്ന ബസ് പിറകിലേക്ക് ഉരുളുന്ന സാഹചര്യവും ഉണ്ടായി. തുടർന്ന് അക്രമി തന്നെ ഹാൻഡ് ബ്രേക്ക്‌ വലിച്ചു ബസ് നിർത്തിയ ശേഷം ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കണ്ടക്ടറെയും അക്രമി അസഭ്യം പറഞ്ഞു. സംഭവത്തിനു ശേഷം അക്രമി കാറിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ഡ്രൈവർ റെജിമോനെ നാട്ടുകാരാണ് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവർക്ക് പരിക്കേറ്റതിനെ തുടർന്ന്, കോട്ടയത്ത്‌ നിന്നുള്ള ദീർഘദൂര സർവീസ്, നെടുംകണ്ടത്ത് എത്തുന്നതിന് മുമ്പ് സർവീസ് അവസാനിപ്പിച്ചു. 50 ഓളം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ജീവനക്കാരുടെ പരാതിയിൽ നെടുംകണ്ടം പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ദേശീയപാതയില്‍ കാല്‍നടയാത്രികന് ദാരുണാന്ത്യം