
കണ്ണൂർ : വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ വഴിത്തിരിവ്. കാപ്പാ കേസ് പ്രതി ചാണ്ടി ഷമീം വാഹനങ്ങൾക്ക് തീയിട്ടതാണെന്ന സംശയത്തിലാണ് പൊലീസ്. ഷമീമിന്റെ സഹോദരൻ ഷംസീനിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും കയ്യേറ്റ ശ്രമം നടത്തുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചത്. തീ പടരാൻ മറ്റൊരു സാധ്യതയുമില്ലെന്നാണ് പൊലീസും പറയുന്നത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങളാണ് കത്തിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായി കത്തി. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam