
പരുന്തുംപാറ: ഇടുക്കി പീരുമേട്ടിൽ നിന്നും കൊവിഡ് കാലത്ത് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താൻ പരുന്തും പാറയിൽ 800 അടി താഴ്ചയിൽ തെരച്ചിൽ. കുട്ടിക്കാനത്തുള്ള കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂ ടീമിൻറെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടന്നത്.
2020 മെയ് 18 നാണ് പീരുമേട് കച്ചേരിക്കുന്ന് രണ്ടാനിക്കൽ മുരളീധരൻറെ ഭാര്യ അജ്ഞുവിനെയും പീരുമേട് ആറ്റോരം ശ്രീകൃഷ്ണവിലാസത്തിൽ സെൽവനെയും കാണാതായത്. പീരുമേട്ടിലെ ടാക്സി ഡ്രൈവറായിരുന്ന സെൽവനുംഅഞുജുവും സ്നേഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ നേരത്തെ വിശദമാക്കിയിരുന്നു. പീരുമേടിന് സമീപമുള്ള പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇരുവരും എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ സെൽവൻറെ കാർ ഗ്രാമ്പിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്താൻ പൊലീസ് സംസ്ഥാനം മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും ജീവിച്ചിരിക്കുന്നതായുള്ള സൂചനകളൊന്നും കിട്ടാതെ വന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം മരവിച്ചിരുന്നു. പീരുമേട് ഡി വൈ എസ് പി യായി ജെ കുര്യാക്കോസ് എത്തിയതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
കാണാതാകുന്നതിനു മുമ്പ് രണ്ടു പേരുടെയും മൊബൈൽ ടവർ ലൊക്കേഷൻ പരുന്തുംപാറയും ഗ്രാമ്പിയുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇരുവരും പരുന്തുംപാറയിലെ കൊക്കയിൽ വീഴുകയോ ചാടുകയോ ചെയ്തിരിക്കാമെന്ന് സംശയമുയർന്നിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് 800 അടി താഴ്ചയിൽ ഇറങ്ങി ഒരു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തിയത്.
പാറയിൽ വടം കെട്ടിയാണ് തിരച്ചിൽ സംഘം കൊക്കയിൽ ഇറങ്ങിയത്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തെളിവൊന്നും ലഭിച്ചില്ലങ്കിലും കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിൻറെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam