സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണി; സ്വർണവുമായി പിടിയിലായ യുവാവിന് പൊലീസിന്‍റെ സുരക്ഷ

By Web TeamFirst Published Sep 14, 2022, 2:54 PM IST
Highlights

കോഴിക്കോട് വടകര ചോറോട് സ്വദേശി ജസീലിനാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. ഇയാൾക്ക് സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയുള്ളതിനാലാണ് നടപടി.

കണ്ണൂർ: കോഴിക്കോട് വടകരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയെത്തുടര്‍ന്ന് യുവാവിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചോറോട് സ്വദേശി ജസീലിനാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 11 ന് വിദേശത്ത് നിന്ന് വന്ന ജസീല്‍ സ്വര്‍ണ്ണക്കടത്ത് സംഘം കൊടുത്തു വിട്ട സ്വര്‍ണ്ണം  കൈമാറാതെ ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ ഒരു  സംഘം ഇയാളുടെ വീട്ടിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തി. ഇതിനിടിയിലാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 450 ഗ്രാം സ്വര്‍ണ്ണവുമായി ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്‍റെ പിടിയിലായത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു.

കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസവും സ്വർണം പിടികൂടിയിരുന്നു. അര കിലോ സ്വർണവുമായാണ് യാത്രക്കാരൻ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്. ബെംഗളൂരുവിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി ജസീലിനെ സിആർപിഎഫാണ് പിടികൂടിയത്. 21 ലക്ഷം വില വരുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്.

Also Read: കരിപ്പൂർ സ്വർണക്കടത്തുകാരുടെ പറുദ്ദീസയോ? 8 മാസത്തിനിടെ പിടിച്ചത് 105 കോടിയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം സ്വർണം പിടികൂടിയിരുന്നു. പെന്‍സില്‍ ഷാര്‍പ്പ്നര്‍, ബാം കുപ്പി തുടങ്ങിയ വസ്തുക്കളില്‍ വിദഗ്ദമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീറാണ് സ്വര്‍ണ്ണം വിദഗ്ധമായി കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു. സ്വര്‍ണം വ്യാപകമായി പിടികൂടി തുടങ്ങിയതോടെ കടത്താന്‍ പുതിയ വഴികള്‍ തേടുകയാണ് കാരിയര്‍മാര്‍.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് മാത്രം വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 43 കിലോ സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു.

click me!