ഈ വർഷം പിടിച്ചത് 205 കിലോ സ്വർണം. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 43 കിലോ സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസും പിടിച്ചെടുത്തു.

മലപ്പുറം: കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു. സ്വര്‍ണം വ്യാപകമായി പിടികൂടി തുടങ്ങിയതോടെ കടത്താന്‍ പുതിയ വഴികള്‍ തേടുകയാണ് കാരിയര്‍മാര്‍.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് മാത്രം വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 43 കിലോ സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു.

സ്വർണം വ്യാപകമായി പിടിക്കപ്പെട്ട് തുടങ്ങിയതോടെ കടത്തിന് പുതിയ രീതികൾ തേടുകയാണ് കാരിയർമാർ. ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കൊണ്ടു വരുന്നതിന് പകരമാണ് കടത്തുകാര്‍ മറ്റ് വഴികൾ പരീക്ഷിക്കുന്നത്. സൈക്കിളിനുള്ളില്‍ മെര്‍ക്കുറി പൂശി സ്വര്‍ണക്കട്ടകള്‍ കൊണ്ടു വന്നതും അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണ ദ്രാവകം തേച്ചു പിടിപ്പിച്ചു കൊണ്ടു വന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. സ്വർണം വ്യാപകമായി പിടിക്കപ്പെടുന്നുണ്ടെങ്കിലും പൊട്ടിക്കല്‍ സംഘങ്ങളും സജീവമാണ്. കടത്തി കൊണ്ടു വരുന്ന സ്വർണം കാരിയർമാരിൽ നിന്ന് തട്ടിയെടുക്കുന്ന സംഘങ്ങൾ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.