
മലപ്പുറം: വാടകക്കെടുത്ത കാറില്‍ നിന്ന് പൊലീസ് എംഡിഎംഎ പിടികൂടി എന്നും കാര്‍ വിട്ടുകിട്ടണമെങ്കില്‍ 50,000 രൂപ വേണം എന്ന് പറഞ്ഞ് കാറുടമയുടെ പക്കല്‍നിന്ന് പണം തട്ടിയ പ്രതി കള്‍ അറസ്റ്റില്‍. കറുത്തേനി തട്ടാന്‍കുന്ന് സ്വദേശി ആലുങ്ങള്‍ അബ്‍ദുൾ വാഹിദ് (26), തെക്കുംപൂറം സ്വദേശി മരുതത്ത് അബ്‍ദുൾ ലത്തീഫ് (27), വണ്ടൂര്‍ കരുണാലയപടി സ്വദേശി പൂലാടന്‍ അസ്ഫല്‍ (26) എന്നിവരെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്.
കാളികാവ് സ്വദേശിയാണ് പരാതിക്കാരന്‍. ഒക്ടോബര്‍ 22ന് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കാര്‍ ലത്തീഫ് വാടകക്കെടുക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ തിരിച്ചു കൊടുക്കേണ്ട ഒക്ടോബര്‍ 24ന് വാഹിദ് പരാതിക്കാരനെ ഫോണില്‍ വിളിച്ച് കാര്‍ അമ്പലപ്പടിയില്‍ വെച്ച് എംഡിഎംഎയുമായി പൊലീസ് പിടികൂടിയെന്നും കാര്‍ വിട്ടുകൊടുക്കണമെങ്കില്‍ 50,000 രൂപ വേണമെന്നും പറഞ്ഞു. 28,000 രൂപ തങ്ങളുടെ പക്കലുണ്ട് എന്നും ബാക്കി വരുന്ന 22000 രൂപ പരാതിക്കാരനോട് അയച്ചുകൊടുക്കാനും പറയുകയായിരുന്നു. തെളിവിനായി കാര്‍ വണ്ടൂര്‍ പൊലീസ് സ്റ്റേഷനു മുന്‍വശം റോഡില്‍ നിര്‍ത്തി ഫോട്ടോയെടുത്ത് പരാതിക്കാരന് അയച്ചു കൊടുക്കുകയും ചെയ്തു.
പ്രതികളുടെ തട്ടിപ്പില്‍ വിശ്വസിച്ച പരാതിക്കാരന്‍ പണം ഗൂഗിള്‍ പേ വഴി അയച്ചു കൊടുക്കാമെന്നു പറഞ്ഞെങ്കിലും നേരിട്ടുവേണമെന്ന് വാഹിദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ സുഹൃത്ത് വഴി പണം എത്തിച്ചു നല്‍കുകയും ചെയ്തു. ശേഷം പ്രതികള്‍ പരാതിക്കാരന് കാര്‍ തിരിച്ചു കൊടുക്കുകയും ചെയ്തു. പണം പ്രതികള്‍ പങ്കിട്ടെടുത്തു. പ്രതികള്‍ തന്ത്രപരമായി ആസൂത്രണം ചെയ്ത പദ്ധതി തകര്‍ന്നത് പരാതിക്കാരന്‍ പരിചയത്തിലുള്ള പൊലീസുകാരനോട് വിവരം പറഞ്ഞതോടെയാണ്.
തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപത്കരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ലത്തീഫ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അസ്ഫല്‍ ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടയാളാണ്. എസ്ഐമാരായ വാസുദേവന്‍ ഊട്ടുപുറത്ത്, വി കെ പ്രദീപ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, സിപിഒ റിയാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam