
അടൂർ: പത്തനംതിട്ട കീഴ്വായ്പൂരിൽ 61 കാരിക്ക് പൊള്ളലെറ്റ സംഭവത്തിൽ തീ പിടുത്തം എങ്ങിനെ ഉണ്ടായി എന്ന് കണ്ടെത്താൻ ഇന്ന് വിദഗ്ധ പരിശോധന നടക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദരും പങ്കെടുക്കും. അതേസമയം പരാതിക്കാരി ലതയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യ സുമയ്യ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീ കൊളുത്തി എന്നായിരുന്നു ലതയുടെ പരാതി.
സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തി എന്നാണ് ലത പൊലീസിന് നൽകിയ മൊഴി. കെട്ടിയിട്ടശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത ആരോപിച്ചു. തന്‍റെ കയ്യും കാലുംകെട്ടിയിട്ട ശേഷം തീ കൊളുത്തിയെന്നും ലത മൊഴി നൽകിയിരുന്നു. എന്നാൽ എങ്ങിനെ തീ കൊളുത്തിയെന്ന് ലത വ്യക്തമാക്കുന്നില്ല. ലത തന്നെയാണ് വീടിന് വെളിയിൽ എത്തി നാട്ടുകാരെ വിളിച്ചു കൂട്ടിയത്. തീപിടിത്തത്തിൽ ഒരു മുറി മുഴുവൻ കത്തിയിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പൊലീസ് കോട്ടേഴ്സും ലതയുടെ വീടും സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തിയശേഷം കേസിൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam