
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് നിന്ന് 200 ഗ്രാം പിടികൂടി. ബംഗളൂരുവിൽ നിന്ന് കാറിൽ വന്ന ശ്രീകാര്യം സ്വദേശിതകളായ യുവാവും യുവതിയുമാണ് അറസ്റ്റിലായത്. പാങ്ങപ്പാറ ചെമ്പഴന്തി സ്വദേശി സാബു (36), പാങ്ങപ്പാറ ചെല്ലമംഗലം സ്വദേശി രമ്യ (36) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നു സിറ്റി ഡാൻസാഫ് ടീം ഇവരെ പിടിയിലാക്കുകയായിരുന്നു. വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ കോവളം ജംഗ്ഷനില്‍ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. കോവളത്തും പരിസര പ്രദേശങ്ങളിലുമായി ചില്ലറ വിൽപ്പനയ്ക്കായാണ് ഇവര്‍ എംഡിഎംഎ എത്തിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ ഇരുവരെയും ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
അതേസമയം, കർണാടകയിൽ നിന്ന് എംഡിഎംഎ ബസിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു യുവാവിനെ മുത്തങ്ങയിൽ വച്ച് പൊലീസ് പിടികൂടി. ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ കോഴിക്കോട് അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി മുഹമ്മദ് ഫയാസ്(32) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ സഹായത്തോടെ ആയിരുന്നു അറസ്റ്റ്.
ശനിയാഴ്ച രാവിലെ മുത്തങ്ങയിലെ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥിതിചെയ്യുന്ന തകരപ്പാടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പ്രതിയുടെ പാന്‍റിന്‍റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ബത്തേരി സബ് ഇൻസ്‌പെക്ടർ കെ എം അർഷിദിന്‍റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രിവിൻ ഫ്രാൻസിസ്, ഗാവൻ, പ്രദീപൻ തുടങ്ങിയവരാണ് ബസിൽ പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.