പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Published : Nov 07, 2023, 07:59 PM ISTUpdated : Nov 07, 2023, 08:05 PM IST
പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത്  ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമായ ബി ലാല്‍ (55) ആണ് തൂങ്ങി മരിച്ചത്. കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം. കിളിമാനൂര്‍ സ്വദേശിയാണ് ലാല്‍.

കഴിഞ്ഞമാസം തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൊല്ലം മുഖത്തല കുറുമണ്ണ ചിറ്റിലിക്കാട് കോളനിയില്‍ ഗീതും നിവാസില്‍ ഗീതു കൃഷ്ണന്‍ (33) ആണ് മരിച്ചത്. രാവിലെ ഏഴേ കാലോടെ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയോട് ചേര്‍ന്ന പഴയ മെസ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ 69പേരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 12 പേര് ആത്മഹത്യ ശ്രമവും നടത്തിയിട്ടുണ്ട്. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലിസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി. സ്റ്റേഷനുകളിൽ അതിരൂക്ഷമായ ആൾക്ഷാമത്തെതുടര്‍ന്ന് എട്ടുമണിക്കൂര്‍ സമയം പാലിക്കാനാകാറില്ല. ജോലി ഭാരം കുറയ്ക്കാൻ ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന പ്രഖ്യാപനവും പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്. 

പൊലീസ് സേനാംഗങ്ങൾക്കിടയിൽ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന ചര്‍ച്ചകൾക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലിസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 30 പേർ കുടുംബ പ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കിയപ്പോള്‍, 20 പേർ മാനസിക സമ്മർദ്ദം കാരണവും 7 പേ‍ർ ജോലി സമ്മർദ്ദം മൂലവും ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവർ സാമ്പത്തിക- ആരോഗ്യ പ്രശനങ്ങളാൽ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.  2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോള്‍ 10 ഉം,21 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. വിശദവും സമഗ്രവുമായി നടത്തിയ അന്വേഷണത്തിൽ ജോലി സമ്മര്‍ദ്ദം എന്ന ഒറ്റക്കാരണമല്ല ആത്മഹത്യകൾക്ക് പിന്നിലുള്ളത് . കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രോഗവും എല്ലാം കാരണമാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

പൊലീസ് ട്രെയിനിംഗ് കേന്ദ്രത്തില്‍ എസ്ഐ ആത്മഹത്യ ചെയ്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രക്ഷപ്പെട്ട പ്രതികളെ തേടി പുലര്‍ച്ചെ പൊലീസ് വാടക വീട്ടിലെത്തി, പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും, ഡോക്ടറടക്കം ഏഴുപേര്‍ പിടിയിൽ
'4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും'; സിറ്റി ബസ് വിവാദത്തിൽ മേയറെ പരിഹസിച്ച് ഗായത്രി ബാബു