
പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകി ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കാണ് ആത്മഹത്യാഭീഷണിക്ക് പിന്നാലെ ഇഷ്ടമുള്ള സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നൽകിയത്. അടൂർ ട്രാഫിക് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം നൽകിയത്. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു സിപിഒയുടെ പരാതി. പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥനെ ഇന്ന് ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി എത്തിയത്. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യാഭീഷണി മുഴക്കിയത്. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പറയുന്നത്.
തനിക്ക് എതിരെ സ്റ്റേഷനിൽ ഗൂഢാലോചന നടക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ സിഐയും റൈറ്ററുമാവും ഉത്തരവാദിയെന്നുമാിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തർക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. വാട്സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതോടെ പൊലീസുകാർ പരിഭ്രാന്തരായി. എന്നാൽ ടവർ ലൊക്കേഷൻ പരിശേധിച്ചപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകിയത്.