
തിരുവനന്തപുരം: നാലു ദിവസം കൊണ്ടാണ് കോവളം സ്വദേശിയായ പ്രഭാകരൻ മലപ്പുറം ജില്ലയിലെ തിരൂരിലെത്തിയത്. ഇത്രയും ദിവസമെടുത്തത് എന്തുകൊണ്ടാണെന്നോ? സൈക്കിളിലാണ് പ്രഭാകരൻ തിരൂർ വരെ യാത്ര ചെയ്തത്. അറുപത്തെട്ട് വയസ്സുള്ള തയ്യൽ തൊഴിലാളിയായ പ്രഭാകരന്റെ ഹോബി യാത്രയാണ്. സാധിക്കുന്നിടത്തെല്ലാം സൈക്കിളിൽ പോകും. അല്ലാത്തപ്പോൾ ട്രെയിനിൽ. കൈലാസ യാത്ര വരെ നടത്തിയിട്ടുണ്ട്. പ്രകൃതിജീവനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊണ്ട് മാതൃകാപരമായി ആരോഗ്യ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
ഈ വർഷം ജനുവരി 5 ന് വെളുപ്പിന് 3 മണിയോടെയാണ് കോവളത്തു നിന്നും സൈക്കിളിൽ യാത്ര ആരംഭിച്ചത്. ആദ്യ ദിവസം പന്തളത്തു നിന്നും ഉച്ചഭക്ഷണം കഴിച്ച് ചെങ്ങന്നൂർ തങ്ങി. രണ്ടാം ദിവസം ഏറ്റുമാനൂരിൽ താമസിച്ചു. മൂന്നാം നാൾ കൂത്താട്ടുകുളം, കാലടി വഴി ചാലക്കുടിയിൽ എത്തി. ചാലക്കുടിയിൽ നിന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ സി. വി. ജോസിനോടൊപ്പം അടുത്ത ദിവസം വെളുപ്പിന് തിരുരിലേക്ക് യാത്ര തിരിച്ചു. അങ്ങനെ നാലു ദിവസം കൊണ്ട് 385 കിലോമീറ്റർ ദൂരം സൈക്കിള്‍ ചവിട്ടി കോവളം വെങ്ങാനൂർ മുട്ടക്കാട് സ്വദേശി പ്രവീണാ ഭവനിൽ പ്രഭാകരൻ തിരൂരിൽ എത്തി.
തിരുർ ഗാന്ധിയൻ പ്രകൃതിഗ്രാമത്തിന്റെ നേതൃത്വത്തിൽ കേരള നല്ല ജീവന പ്രസ്ഥാനം എല്ലാ വർഷവും ഒരുക്കുന്ന 5 - 6 ദിവസത്തെ സൈക്കിൾ യാത്രയിലെ സ്ഥിരം യാത്രക്കാരനാണ് പ്രഭാകരൻ. തിരൂർ - ഗുരുവായൂർ - പട്ടാമ്പി വഴി നടക്കുന്ന സൈക്കിൾ യാത്ര ഉല്ലാസ യാത്രയെന്നാണ് പ്രഭാകരന്റെ വാക്കുകൾ.
ചപ്പാത്ത് ശാന്തിഗ്രാം, ജനാരോഗ്യ പ്രസ്ഥാനം, പ്രകൃതിജീവന സമിതി തുടങ്ങിയ പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തകനാണ് പ്രഭാകരൻ.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഇദ്ദേഹം ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും രോഗനിവാരണമാർഗ്ഗ ങ്ങളെക്കുറിച്ചും പരിസ്ഥിതി - സാമൂഹിക - ആധ്യാത്മിക കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചൽ വാചാലനാകും. ആരോഗ്യ ജീവിത മാർഗ്ഗങ്ങളുടെ പ്രായോഗിക അറിവുകൾ ആരുമായും പങ്കുവയ്ക്കുവാൻ എപ്പോഴും തയ്യാറുള്ള വ്യക്തി കൂടിയാണ് പ്രഭാകരൻ.
മലപ്പുറത്ത് നിന്നും കാണാതായ യുവതിയും കുഞ്ഞും ബെംഗളൂരുവില്‍; 11 വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam