പുത്തുമലയിലെ കുരുന്നുകള്‍ക്ക് ഹോസ്ദുര്‍ഗില്‍ നിന്നൊരു സ്‌നേഹസമ്മാനം

By Web TeamFirst Published Oct 5, 2019, 9:52 PM IST
Highlights

കാസര്‍ഗോഡ് ഹരിത കേരളം മിഷനും ഹോസ്ദുര്‍ഗ് ജില്ലാ ജയിലും സംയുക്തമായി നടപ്പാക്കുന്ന 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയുടെ ഭാഗമായാണ് വയനാട്ടിലെ പ്രളയബാധിത മേഖലകളിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പേനകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കൽപറ്റ: കൂട്ടായ്മയുടെ കരുത്തില്‍ അതിജീവനത്തിന്റെ പുഞ്ചിരി വീണ്ടെടുക്കുന്ന മേപ്പാടി പുത്തുമലയിലെ കുരുന്നുകള്‍ക്ക് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് ജില്ലാ ജയിലില്‍ നിന്നൊരു സ്‌നേഹ സമ്മാനം. ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച ആയിരം പേപ്പര്‍ പേനകളാണ് കുട്ടികള്‍ക്കായി എത്തിച്ചിട്ടുള്ളത്. മാനന്തവാടി ജില്ലാ ജയിലില്‍ എത്തിച്ച പേനകള്‍ ഹരിത കേരളം വയനാട് ജില്ലാ മിഷന്‍ ഏറ്റുവാങ്ങി.

കാസര്‍ഗോഡ് ഹരിത കേരളം മിഷനും ഹോസ്ദുര്‍ഗ് ജില്ലാ ജയിലും സംയുക്തമായി നടപ്പാക്കുന്ന 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയുടെ ഭാഗമായാണ് വയനാട്ടിലെ പ്രളയബാധിത മേഖലകളിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പേനകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുത്തുമല എല്‍ പി സ്‌കൂളില്‍ വിതരണം ചെയ്ത പേനകള്‍ ഹെഡ്മാസ്റ്റര്‍ കെ രതീശന്‍ ഏറ്റുവാങ്ങി.

മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂളുകളിലും പനമരം യു പി സ്‌കൂളിലും പേനകള്‍ വിതരണം ചെയ്തു. തടവുകാരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക, മാലിന്യപരിപാലനത്തിന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക, പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ചെറു സഹായങ്ങള്‍ നല്‍കുക എന്നിവയാണ് 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കനത്തമഴയെ തുടർന്ന് ഓ​ഗസ്റ്റിലാണ് വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ 17 പേരാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. 18 ദിവസം നീണ്ട തെരച്ചിലിനൊടുവിൽ 12 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ കഴി‍ഞ്ഞത്. ഏറെനാൾ ജില്ലയിലെ വിവിധ ​ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു ആളുകൾ കഴി‍ഞ്ഞിരുന്നത്. മഴയൊന്ന് ശമിച്ചപ്പോൾ വീടുകളിലേക്ക് തിരിച്ചു പോയവരും പോകാൻ വീടില്ലാതെ ബന്ധുക്കളുടെ വീടുകളിലും കഴിയുന്നവർ ഇന്നും പുത്തുമലയിലും സമീപപ്രദേശങ്ങളിലുമുണ്ട്. 

Read More:മണ്ണില്‍ മറഞ്ഞത് അഞ്ച് പേര്‍ : പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

പുത്തുമലയിൽ ഉരുൾപൊട്ടലിൽ ഉറ്റവരേ നഷ്ടപ്പെട്ടവർക്ക് ധനസഹായം നല്‍കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട് കാണാതായ ശേഷം പിന്നീട് മൃതദേഹം കണ്ടെത്തിയവരുടെ ബന്ധുക്കള്‍ക്കും ഉറ്റവരുടെ മൃതദേഹം ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവരുടെ ബന്ധുക്കള്‍ക്കുമാണ് സഹായം നൽകുക.  

Read More:കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കും

click me!